Sunday, November 27, 2011
തരിശാകുന്ന കന്യാസ്ത്രീമഠങ്ങള്‍
കത്തോലിക്കാസഭയില്‍ ഇന്ന് ഏഴു ലക്ഷത്തില്‍പ്പരം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുണ്ട്. സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ആതുരശാലകള്‍ മുതലായവ നടത്തിക്കൊണ്ടുപോകുന്നതു കൂടാതെ കുഷ്ഠരോഗികളെയും എയ്ഡ്സ് ബാധിച്ചവരെയും ശിശുക്കളെയും വൃദ്ധരെയും ദരിദ്രരെയുമെല്ലാം അവര്‍ ശുശ്രൂഷിക്കുന്നുമുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങള്‍ സ്വമനസ്സാ സ്വീകരിച്ച്, അവര്‍ 'ക്രിസ്തുവിന്റെ മണവാട്ടി'കളായി ജീവിക്കുന്നു. ജനിച്ചുവളര്‍ന്ന കുടുംബത്തെയും മറ്റു ബന്ധുമിത്രാദികളെയും മോക്ഷത്തെപ്രതി ഉപേക്ഷിക്കുന്ന അവര്‍ക്ക് സ്വന്തമായി കുടുംബമില്ല. മഠത്തിന്റെ നാലു മതിലുകള്‍ക്കുള്ളിലാണ് അവര്‍ അന്തിയുറങ്ങുന്നത്. പരാതികളൊന്നുമില്ലാതെ, അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതു സഹിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന അവര്‍ എരിഞ്ഞുതീരുന്ന ഒരു മെഴുകുതിരിപോലെയാണ്. യഥാര്‍ഥത്തില്‍ കന്യാസ്ത്രീകള്‍ സഭയിലെ രത്നങ്ങളാണ്.കന്യാസ്ത്രീകള്‍ ആവുക എന്നത്് അടുത്തകാലംവരെ കത്തോലിക്കായുവതികള്‍ക്ക് വിദ്യാഭ്യാസത്തിനും ജീവസന്ധാരണത്തിനും ഒരു പരിധിവരെ സ്വതന്ത്രജീവിതത്തിനും ഉതകുന്ന ഒരു മാര്‍ഗമായിരുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് സമൂഹത്തില്‍ സ്ത്രീവിമോചന വിപ്ലവത്തിലൂടെ സ്ത്രീജീവിതത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസസാധ്യതകള്‍ വളരെയധികം വര്‍ധിച്ചു. ഇന്നു സ്തീകള്‍ക്ക് പ്രൊഫഷണലായ നല്ല ജോലികള്‍ അതിശീഘ്രം ലഭിക്കും. നല്ല വേതനം വാങ്ങി മാന്യമായി ജീവിക്കാനും അങ്ങനെ പണം സമ്പാദിക്കാനുമുള്ള സാധ്യതകളും സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചു. കൂടാതെ കന്യാസ്ത്രീജീവിതത്തെപ്പറ്റി അവരുടെ അനുഭവങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കാനും കൂടുതല്‍ പഠിക്കാനും ഇന്ന് യുവതികള്‍ക്ക് അവസരമുണ്ട്. സ്ത്രീകളോടു പൊതുവേയും കന്യാസ്ത്രീകളോടുമുള്ള സഭയുടെ നിലപാടുകള്‍ എത്ര യാഥാസ്ഥിതികമാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ താഴേക്കു പോയ്ക്കൊണ്ടിരിക്കുന്നു. 1970-കളില്‍ പത്തുലക്ഷത്തിലികം കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഏഴുലക്ഷം കന്യാസ്ത്രീകളേയുള്ളൂ. അഞ്ചു വര്‍ഷം മുമ്പ് 8% യുവതികള്‍ കന്യാസ്ത്രീജീവിതം സ്വീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുമായിരുന്നു. ഇന്നത് വെറും 4% ആയി കുറഞ്ഞിരിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. (Center for Applied Research in the Apostolate). അമേരിക്കയിലെ കന്യാസ്ത്രീകളുടെ ശരാശരി പ്രായം ഇന്ന് 70 ആണ്. 1965-ല്‍ 117950 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ 2003-ല്‍ 73000-ഉം 2010-ല്‍ 50000-ല്‍പ്പരം മാത്രവുമായി കുറഞ്ഞിരിക്കുകയാണ്. ഈ വൃദ്ധകളായ കന്യാസ്ത്രീകളെ നല്ല പാഠം പഠിപ്പിക്കാനായി അപ്പോസ്തലിക്ക് വിസിറ്റേഷന്‍ എന്ന ഓമനപ്പേരും നല്കി റോം ഇന്‍ക്വിസിഷന്റെ പിന്തലമുറക്കാരെ വിടുകയും ചെയ്തിരിക്കുന്നു. സഭയില്‍ സ്ത്രീകളെ രണ്ടാംതരം പൗരരായാണു കാണുന്നതെന്ന് അറിയാവുന്ന യുവതികള്‍ കന്യാസ്ത്രീജീവിതാന്തസ്സിനെ എങ്ങനെ പരിഗണിക്കും? 2004-ല്‍- കര്‍ദിനാള്‍ റാറ്റ്സിംഗര്‍ (ഇപ്പോഴത്തെ മാര്‍പ്പാപ്പാ) ഇങ്ങനെ എഴുതി: ''സ്ത്രീകള്‍ വഴങ്ങി ജീവിക്കുന്ന പങ്കാളികള്‍ ആയിരിക്കണം''. ഗോത്രാധിപത്യവിവേചനം (patriarchal apartheid) കൊടികുത്തിവാഴുന്ന കത്തോലിക്കാസഭയില്‍ ലിംഗസമത്വം (gender equality) എന്നുണ്ടാകാനാണ്? സ്ത്രീവിദ്വേഷികളായ ഒരുപറ്റം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കാന്‍ വത്തിക്കാന്‍ രണ്ടു കയ്യും നീട്ടിയിരിക്കുകയാണ്. സാധാരണ ദുസ്സഹദുഃഖം ഉളവാക്കുന്ന അസംബന്ധങ്ങളാണ് വത്തിക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകളെക്കൊണ്ട് പുരാതന റോമന്‍ അടിമകളെക്കൊണ്ട് എന്നപോലെ വേലചെയ്യിപ്പിച്ച് സഭ ഇന്ന് മുതല്‍കൂട്ടുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി മെത്രാനുവേണ്ടി പണപ്പിരിവു നടത്തിയും റബ്ബറുവെട്ടിയും സ്കൂളില്‍ പഠിപ്പിച്ചുമെല്ലാം അവര്‍ പണം സമ്പാദിക്കണം. കന്യാസ്ത്രീകള്‍ സഭയുടെ കറവപ്പശുക്കളാണ്. മഠം വിട്ടുപോയാല്‍ ഒരു കന്യാസ്ത്രീക്ക് ജീവസന്ധാരണത്തിന് യാതൊരു മാര്‍ഗവുമില്ലെന്നുള്ളത് കഷ്ടമല്ലേ? സഭയുടെ നീതിബോധം എവിടെ? (തുടരും)
Subscribe to:
Posts (Atom)