Sunday, June 29, 2014

നസ്രാണിക്കത്തോലിക്കാസഭ നവീകരണചരിത്രം

നസ്രാണിക്കത്തോലിക്കാസഭ നവീകരണചരിത്രം
By Chacko Kalarickal


നമ്മുടെ കര്‍ത്താവിന്റെ 12 അപ്പോസ്തലരില്‍ ഒരുവനായ മാര്‍തോമാ കേരളത്തിലെത്തി ക്രിസ്തുവേദം പ്രസംഗിച്ച്, ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ഇവിടെ ക്രിസ്തുമതം സ്ഥാപിച്ചെന്ന് കേരളീയര്‍ വിശ്വസിക്കുന്നു. 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മലങ്കരയില്‍ എത്തുന്നതുവരെ - ഒന്നാം നൂറ്റാണ്ടുമുതല്‍ 16-ാം നൂറ്റാണ്ടുവരെ - മാര്‍തോമാക്രിസ്ത്യാനികള്‍ എങ്ങനെ വളര്‍ന്നുവെന്നും അവരുടെ ആരാധനക്രമം എപ്രകാരമായിരുന്നുവെന്നും വ്യക്തമായ ചരിത്രത്തെളിവുകളൊന്നുമില്ല. എന്നാല്‍, പേര്‍ഷ്യന്‍ മെത്രാന്മാര്‍ കേരളത്തിലെത്തി നസ്രാണികള്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്‍കിയിരുന്നെന്നും, മാര്‍തോമായുടെ നിയമമനുസരിച്ച് പള്ളിക്കാര്യങ്ങള്‍ പള്ളിക്കാര്‍ നിര്‍ഹിച്ചിരുന്നെന്നും, നസ്രാണികൂട്ടായ്മയ്ക്കുനാഥനായി ജാതിക്കു കര്‍ത്തവ്യന്‍ അഥവാ ആര്‍ക്കദ്യാക്കോന്‍ എന്ന ഒരു സ്ഥാനി ഉണ്ടായിരുന്നെന്നും തെളിയിക്കാന്‍ കഴിയും. മാര്‍തോമാക്രിസ്ത്യാനികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്ന തിനാല്‍ അവരെ 'സുറിയാനിക്കാര്‍' എന്ന് പാശ്ചാത്യര്‍ വിളിച്ചിരുന്നു. പാശ്ചാത്യകത്തോലിക്കവിശ്വാസവും പാശ്ചാത്യപള്ളിഭരണ സമ്പ്രദായവും കൈമുതലായി മലങ്കരയിലെത്തിയ പോര്‍ട്ട്ഗീസുകാരും മറ്റു പാശ്ചാത്യമിഷനറിമാരും കേരളത്തിലെ സുറിയാനിക്കാര്‍ റോമില്‍ വാഴുന്ന പോപ്പിനു വഴങ്ങിയ യഥാര്‍ഥ കത്തോലിക്കരല്ലെന്നു ധരിച്ച് അവരെ ഉദയമ്പേരൂര്‍ സുനഹദോസിലൂടെ പോപ്പിനു കീഴിലാക്കി. ആരാധനക്രമത്തില്‍ കടന്നുകൂടിയ നെസ്‌തോറിയന്‍ പാഷാണ്ഡത കലര്‍ന്ന പദങ്ങളെ നീക്കംചെയ്ത് പുതിയ ആരാധനക്രമം റോസ് മെത്രാന്‍ സുറിയാനി ഭാഷയില്‍ തന്നെ പുനരുദ്ധരിച്ചു. പള്ളിഭരണം പദ്രുവാദോയുടെയും  പ്രൊപ്പഗാന്തായുടെയും പാശ്ചാത്യമെത്രാന്മാരുടെയും കീഴിലാക്കി. മുന്‍ അധ്യായത്തില്‍ ഇക്കാര്യങ്ങള്‍ - പോര്‍ട്ടുഗീസുകാരുടെ ആഗമനം, ഉദയമ്പേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശു സത്യം, പദ്രുവാദോ/പ്രൊപ്പഗാന്താ സമരം, അങ്കമാലി മഹാസമ്മേളനം, കുറവിലങ്ങാട്ടു പള്ളി പ്രതിപുരുഷയോഗം, നാട്ടുമെത്രാന്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ - വിശദീകരിച്ചിരുന്നു.
16-ാം നൂറ്റാണ്ടിലെ പോര്‍ട്ടുഗീസുകാരുടെ രംഗപ്രവേശനം മുതല്‍ നമ്മുടെ പൂര്‍വികര്‍ നമ്മുടെ സഭയുടെ പഴയ പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നീണ്ടസമരംതന്നെ നടത്തുകയുണ്ടായി. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ മാര്‍തോമാക്രിസ്ത്യാനികള്‍ക്ക് നാട്ടുമെത്രാനെ റോം നല്കി. നാട്ടുമെത്രാനെ നമുക്കു ലഭിച്ചതോടെ പാശ്ചാത്യരോടുള്ള വഴക്കും വക്കാണവും അവസാനിച്ചെന്നും നാട്ടുമെത്രാന്മാര്‍ മാര്‍തോമാ നസ്രാണിസഭാപൈതൃകത്തെ കാത്തുസൂക്ഷിക്കുമെന്നും വിശ്വാസികള്‍ വ്യാമോഹിച്ചു. എന്നാല്‍, പാശ്ചാത്യമെത്രാന്മാര്‍ നമ്മുടെ പൈതൃകത്തെ എങ്ങനെ ചവിട്ടി മെതിച്ചോ അതില്‍കൂടുതലായി മാക്കീല്‍ മെത്രാന്‍ മുതല്‍ ഇന്നുവരെയുള്ള നാട്ടുമെത്രാന്മാര്‍ നമ്മുടെ പൈതൃകത്തെ മുച്ചൂടും നശിപ്പിച്ച് പാശ്ചാത്യരീതിയിലുള്ള പള്ളിഭരണവും കല്‍ദായരീതിയിലുള്ള ആരാധനക്രമവും പൗരസ്ത്യകാനോന്‍ നിയമവും നമ്മുടെ സഭയുടെമേല്‍ കെട്ടിയേല്പിച്ചു. മാര്‍ മാക്കീല്‍ പാശ്ചാത്യമെത്രാന്റെ രാജകീയ മെത്രാന്‍ വേഷവിധാനങ്ങള്‍ സ്വീകരിച്ചതും, പാശ്ചാത്യപള്ളിഭരണ സമ്പ്രദായത്തിലധിഷ്ഠിതമായ പള്ളിനിയമങ്ങള്‍ അടങ്ങിയ 'ദെക്രേത്തു പുസ്തകം' വഴി നസ്രാണികളെ ഭരിക്കാനാരംഭിച്ചതും മാര്‍തോമാ ക്രിസ്ത്യാനികളെ റോമുമായി അനുരൂപപ്പെടുത്താനുള്ള നാട്ടുമെത്രാന്മാരുടെ പരിശ്രമത്തിന്റെ തുടക്കം മാത്രമായിരുന്നു. മാര്‍തോമാക്രിസ്ത്യാനികളുടെ തനിയമയാര്‍ന്ന പൈതൃകത്തെ നാട്ടുമെത്രാന്മാരും നശിപ്പിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സഭയെ കാലോചിതമായി നവീകരിക്കണമെന്നുള്ള മുറവിളിയുമായി പ്രബുദ്ധരായ നസ്രാണി നേതാക്കള്‍ മുമ്പോട്ടു വന്നു എന്നുള്ളത് വസ്തുനിഷ്ഠമായ ഒരു കാര്യമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തിലും സീറോ മലബാര്‍ സഭയ്ക്ക് റോം സ്വയംഭരണാധികാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലും നമ്മുടെ സഭ മാര്‍തോമായുടെ നിയമത്തിനനുസൃതമായി പുനരുദ്ധരിക്കുമെന്ന് വിശ്വാസികള്‍ ധരിച്ചു. എന്നാല്‍ നാട്ടുമെത്രാന്മാര്‍ സീറോ മലബാര്‍ സഭയെ കൂടുതല്‍ കൂടുതല്‍ പാശ്ചാത്യ/പൗരസ്ത്യവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്.
ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ കേരളസഭാനവീകരണചരിത്രം അല്പം വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ അധ്യായം. മണ്‍മറഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സഭാസ്‌നേഹികളായ സഭാനവീകരണസാരഥികള്‍ കേരളകത്തോലിക്കനസ്രാണിസഭയ്ക്ക് ഇന്നോളം നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അവരുടെ മുമ്പില്‍ കൂപ്പുകൈകളോടെ ഈ അധ്യായം ഞാന്‍ ആരംഭിക്കട്ടെ.
കേരളത്തിന്റെപ്രസക്തി, ആഗോളസഭയില്‍

റോമില്‍ കൂടിയ നസ്രാണിമെത്രാന്മാരുടെ സൂനഹദോസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഈശോസഭയിലെ പ്രമുഖ വൈദികന്‍ റോബര്‍ട്ട് ടാഫ്റ്റ് (Fr. Robert Taft) ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ കത്തോലിക്കസഭയുടെ ഒരു വലിയ വിജയഗാഥയാണ്. ഭൂമുഖത്ത് കിഴക്കോ പടിഞ്ഞാറോ, തെക്കോ വടക്കോ കത്തോലിക്കസമൂഹത്തിലോ ഓര്‍ത്തഡോക്‌സ് സമൂഹത്തിലോ വിശ്വാസത്താലും ഭക്തിയാലും ഇത്രയും ദീപ്തമായ വേറൊരു സഭയില്ല. തിങ്ങിനിറഞ്ഞ ഇടവകപ്പള്ളികളിലും സന്യാസിനീസഭകളിലും കേരളത്തിലെ സെമിനാരി ചാപ്പലുകളിലും ഞാന്‍ വ്യക്തിപരമായി അനുഭവിച്ച അത്ഭുതകരമായ വിശ്വാസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിയുന്നു.''34ഈ ഒരേ ഒരുദ്ധരണി മതി കത്തോലിക്കസഭാനവീകരണത്തില്‍ കേരളത്തിനുള്ള പ്രത്യേക പ്രസക്തി വ്യക്തമാക്കാന്‍.
സഭാനവീകരണം സംഘടനയിലൂടെ:
'നസ്രാണി ഗുണദായിനീസഭ' മുതല്‍
'അഖിലകേരള കത്തോലിക്കകോണ്‍ഗ്രസ്' വരെ
 
പള്ളിയോഗങ്ങള്‍ക്കു പുറമെയുള്ള സാമൂഹികസംഘടനകള്‍ ഈ സമുദായത്തില്‍ അനിവാര്യമാക്കിയത്, കൂനന്‍കുരിശുസത്യത്തിനുശേഷം നസ്രാണിസമുദായത്തിനു ജാതിക്കു കര്‍ത്തവ്യന്റെ നേതൃത്വം ഇല്ലാതാവുകയും അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമെത്രാന്‍ ഭരണസമ്പ്രദായത്തിന്‍ കീഴില്‍ നസ്രാണികളുടെ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും ബലഹീനങ്ങളാവുകയും ചെയ്ത ഒരു സാഹചര്യമായിരുന്നു. അതുവരെ പള്ളിയോഗങ്ങള്‍ ഈ സഭയുടെ സാമൂഹികവും ആധ്യാത്മികവുമായ എല്ലാക്കാര്യങ്ങളിലും ആലോചിച്ചു തീരുമാനമെടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു. പാശ്ചാത്യമെത്രാന്‍ സംവിധാനത്തോട് ഇടഞ്ഞുകൊണ്ടായിരുന്നെങ്കിലും, 1632-ലെ ഇടപ്പള്ളിയോഗത്തെയും, 1773-ലെ അങ്കമാലിയോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും ഈ പരമ്പരാഗത പള്ളിയോഗവ്യവസ്ഥിതി നിലനിര്‍ത്താന്‍ നസ്രാണികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളായി നമുക്കു കാണാനാകും. ഇതില്‍ 1892-ലെ പാലാ യോഗമായിരുന്നു മെത്രാന്റെ പത്രമേനി സ്വരൂപണത്തിനുള്ള ഇടവകവിഹിതം ഏകപക്ഷീയമായി നിര്‍ണയിച്ചു ലവീഞ്ഞുമെത്രാനിറക്കിയ കല്പനയെ തിരസ്‌കരിച്ചുകൊണ്ടു തീരുമാനമെടുത്തത്. പള്ളിയോഗത്തിനു പുറമേയുള്ള ആദ്യസാമുദായികസംഘടനയായി കണക്കാക്കപ്പെടുന്നത് നസ്രാണി ഗുണദായിനീസഭയാണ്. അതിനു രൂപംകൊടുത്തതും ഇതേ പാലാ യോഗമായിരുന്നു.  ഇതിനു പിന്നില്‍, മാറിയ സഭാസാഹചര്യത്തില്‍ നസ്രാണികത്തോലിക്കസമുദായത്തിന്റെ അവകാശസംരക്ഷണത്തിന് പള്ളിയോഗങ്ങള്‍ മതിയാവുകയില്ല എന്ന തീക്ഷ്ണമായ അവബോധമായിരുന്നു.
പാശ്ചാത്യമെത്രാന്‍ സമ്പ്രദായത്തിനെതിരെ, നസ്രാണിസമൂഹത്തിന്റെ പരമ്പരാഗത അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള സമരത്തിനു ധീരനേതൃത്വം നല്‍കിയ നിധീരിക്കല്‍ മാണിക്കത്തനാരുടെ മാനസസന്താനമായി രൂപംകൊണ്ട സമുദായസംഘടനയാണ് അഖിലകേരള കത്തോലിക്കകോണ്‍ഗ്രസ് (എ. കെ. സി. സി.) എന്ന കാര്യം പലര്‍ക്കും അവിശ്വസനീയമായി തോന്നാം. കാരണം, അതിന്നു കാണപ്പെടുന്നത് ഒരു മെത്രാന്‍സംരക്ഷണപ്രസ്ഥാനമായിട്ടാണല്ലോ. അതിന്റെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശ്രീ. ജോണ്‍ കച്ചിറമറ്റം ഈ സംഘടനയുടെ ഉത്ഭവപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു: ''മാന്നാനത്തെ 40 മണി ആരാധനയുടെ സമാപനദിവസം (1904-ല്‍) നിധീരിക്കല്‍ മാണിക്കത്തനാര്‍ അടുത്ത വര്‍ഷത്തെ നാല്പതുമണിയാരാധനയുടെ സമാപനത്തില്‍ സംഘടന കെട്ടിപ്പടുക്കുവാനായി ഒരു സമ്മേളനം ചേരണമെന്ന് പ്രസ്താവിച്ചു. 1905-ലെ നാല്പതുമണിയാരാധനയ്ക്കുമുമ്പ് ആ മഹാപുരുഷന്‍ ദിവംഗതനായി. സഭയിലും സമൂഹത്തിലും അംഗീകാരവും ആദരവും പിടിച്ചുപറ്റിയ ഷെവ. പാറായില്‍ വര്‍ക്കി അവിരാത്തരകന്റെ പിന്തുണയോടെ 1905-ല്‍ ഈ കാര്യത്തെപ്പറ്റി ആലോചന നടത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും ആലോചനകളുടെയും ഫലമായി 'കത്തോലിക്കക്രിസ്തീയ മഹാജനസഭ'യ്ക്കു രൂപംകൊടുത്തു.''35 ഈ സംഘടനയാണ് 1931 മുതല്‍ അഖിലകേരള കത്തോലിക്കകോണ്‍ഗ്രസ് എന്നറിയപ്പെടുന്നത്.
 
കേരളസഭയുടെ എന്നത്തേയും ധീരപുരുഷന്മാരില്‍ അഗ്രഗണ്യനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തെ മാനിച്ചിരുന്ന പ്രശസ്ത സമുദായനേതാക്കള്‍ രൂപംകൊടുത്ത ഒരു സംഘടനയാണിന്നത്തെ കത്തോലിക്കകോണ്‍ഗ്രസ് എന്നതില്‍നിന്നുതന്നെ അതിന്റെ സ്ഥാപനലക്ഷ്യങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പാശ്ചാത്യസഭാസമ്പ്രദായപ്രകാരം നസ്രാണിസഭാസമൂഹത്തിന്റെ അവകാശങ്ങള്‍ മെത്രാന്മാര്‍ കയ്യേറിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ത്യാഗപൂര്‍വം പോരാടിയ അതിന്റെ സ്ഥാപകനേതാക്കള്‍ അതിനെ ഒരിക്കലും ഒരു 'മെത്രാന്‍ സംരക്ഷണപ്രസ്ഥാന'മായി വിഭാവനം ചെയ്തിരിക്കാനിടയില്ല.
 
ചുരുക്കത്തില്‍, കേരളനസ്രാണികളുടെ നഷ്ടപ്പെട്ട അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍വേണ്ടി ഈ സമുദായം അനുഭവിച്ച തീവ്രമായ പേറ്റുനോവില്‍നിന്നു ജന്മമെടുത്തതായിരുന്നു നസ്രാണിഗുണദായിനീസഭ മുതല്‍ അഖിലകേരള കത്തോലിക്കകോണ്‍ഗ്രസ് വരെയുള്ള സമുദായസംഘടനകള്‍. ഈ സ്വാതന്ത്ര്യനഷ്ടവും അധികാരനഷ്ടവും മുഖ്യമായും പാശ്ചാത്യമെത്രാന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, പരോക്ഷമായെങ്കിലും അവയെല്ലാം മെത്രാന്മാരുടെ അധികാരതാത്പര്യങ്ങള്‍ക്കെതിരുമായിരുന്നു.
സ്വതന്ത്രമായ അല്മായസംഘടനകളെ മെത്രാന്മാര്‍ ആദ്യംമുതിലേ എതിര്‍ത്തുപോന്നിരുന്നു. സമുദായത്തിന് തങ്ങളല്ലാതെ മറ്റു നേതാക്കന്മാര്‍ ഉണ്ടാകരുത് എന്നതാണ് അവരുടെ എന്നത്തെയും നിലപാട്. ഇതേപ്പറ്റി മുന്‍ സൂചിപ്പിച്ച പ്രസാധകക്കുറിപ്പില്‍ ശ്രീ. ജോണ്‍ കച്ചിറമറ്റം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''അല്മായരുടെ നേതൃത്വത്തില്‍ ഒരു സംഘടന ഉണ്ടാകുന്നതിനോട് വൈദികമേലധ്യക്ഷന്മാര്‍ക്ക് ഒട്ടുംതന്നെ താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് മാര്‍ ളൂയീസ് പഴേപറമ്പിലായിരുന്നു.''36 വളരെയേറെ ബുദ്ധിമുട്ടിയും ഒട്ടേറെ വിട്ടുവീഴ്ചകള്‍ നടത്തിയുമാണ് ഇത്തരമൊരു സമുദായസംഘടനയ്ക്ക് സഭാധികാരികളുടെ അംഗീകാരം നേടാനായതെന്ന് ശ്രീ. ജോണ്‍ കച്ചിറമറ്റം തുടര്‍ന്നു വിശദീകരിക്കുന്നുണ്ട്. സംഘടനായോഗങ്ങളെ നിരോധിക്കുകവരെ ചെയ്തിരുന്നു!
കത്തോലിക്കകോണ്‍ഗ്രസിനെ അംഗീകരിച്ചിട്ടും അതിനെ വളരാന്‍ സഭാധികാരം അനുവദിച്ചില്ല. രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടായിരുന്നു മെത്രാന്മാര്‍ കത്തോലിക്കകോണ്‍ഗ്രസിനെ എന്നും ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നത്. ശ്രീ. കച്ചിറമറ്റം തുടര്‍ന്നെഴുതുന്നതു കാണുക: ''കോണ്‍ഗ്രസ് ഒരു ബഹുജനപ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ ചങ്ങനാശ്ശേരി രൂപതയില്‍ കാത്തലിക് ആക്ഷന്‍ കൗണ്‍ സില്‍ എന്ന ഒരു പുതിയ സംഘടന കെട്ടിപ്പടുക്കാനുള്ള ശ്രമം രൂപതാ ലവലില്‍ ഉണ്ടായി... നിലവിലുള്ള സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതിനുമാത്രമേ പുതിയ സംഘടനകൊണ്ടു സാധിക്കുകയുള്ളൂവെന്ന എ. കെ. സി. സി. യുടെ മുന്നറിയിപ്പ് കേള്‍ക്കുവാന്‍ അധികാരികള്‍ തയ്യാറായില്ല... ഏതൊക്കെ രൂപതയില്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം പ്രവര്‍ത്തിച്ചോ അവിടെയെല്ലാം രൂപതാതലത്തില്‍ ഓരോ യുവജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വൈദികമേലധ്യക്ഷന്മാര്‍ താത്പര്യം പ്രകടിപ്പിക്കുകയും തന്മൂലം, കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്തു.''37
 
സഭാധികാരികളുടെ ഈ കുത്തിത്തിരിപ്പും നാനാവിധത്തിലുള്ള അവഗണനയുമാണ് കത്തോലിക്കകോണ്‍ഗ്രസിന്റെ പ്രതികരണശേഷി നഷ്ടപ്പെടുവാനും അത് ഒന്നിനൊന്നു ദുര്‍ബലമാകുവാനും ഇടയാക്കിയതെന്നും വൈദികമേലധ്യക്ഷന്മാര്‍ക്ക് സുശക്തമായ ഒരു സമുദായസംഘടന കേരളതലത്തില്‍ രൂപപ്പെട്ടുവരുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം തന്റെ ഈ പ്രസാധകക്കുറിപ്പില്‍ സമര്‍ഥിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സംഘടനയായിട്ടും സഭാസമിതികളില്‍ അതിനു പ്രാതിനിധ്യം നല്‍കാന്‍ സഭാധികാരികള്‍ തയ്യാറായിട്ടില്ല എന്നും, പള്ളിയോഗ നടപടിക്രമ നിയമാവലി തയാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ എ. കെ. സി. സി. ഉള്‍പ്പെടെ ഒരു അല്മായസംഘടനയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം ഇതില്‍ ആരോപിക്കുന്നുണ്ട്. മെത്രാന്മാരുടെ മനോഭാവത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''നമ്മുടെ വലിയ തറവാടുകളില്‍ സദ്യയ്ക്ക് അരി വയ്ക്കാനായി വലിയ വാര്‍പ്പുകള്‍ വാങ്ങിവച്ചിട്ടുണ്ട്. അത്യാവശ്യസമയത്തു മാത്രമേ അവ കഴുകിയെടുത്ത് ഉപയോഗിക്കുകയുള്ളൂ. ആ വാര്‍പ്പിന്റെ സ്ഥാനമാണ് കത്തോലിക്കാ കോണ്‍ഗ്രസിന് പലരും നല്‍കിയിരിക്കുന്നത്. ഒരു സംഘടന വേണം, ആവശ്യസമയത്ത് എടുത്ത് ഉപയോഗിക്കാന്‍. നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന അവര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.''38
 
കത്തോലിക്കകോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ വക്താവായ ശ്രീ. ജോണ്‍ കച്ചിറമറ്റം തന്നെയാണ് സഭയ്ക്കുള്ളിലെ സംഘടനാപ്രവര്‍ത്തനങ്ങളോട് മെത്രാന്മാര്‍ക്കുള്ള നിഷേധാത്മകനിലപാട് ഇപ്രകാരം വിലയിരുത്തിയിരിക്കുന്നത് എന്നോര്‍ക്കുക. അതെ, എ. കെ. സി. സി. ഇന്ന് മെത്രാന്മാര്‍ക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള കേവലമൊരു ഉപകരണമായിക്കഴിഞ്ഞു. അതുകൊണ്ടാണ്, സാധാരണജനങ്ങള്‍പോലും സഭാസംബന്ധിയായ നിസ്സംഗത വെടിഞ്ഞ് ഉണര്‍ന്നുമുന്നോട്ടുവന്ന ഒരു നിര്‍ണായക ഘട്ടത്തിലും, സമുദായത്തിന്റെ നന്മയ്ക്കായി രൂപീകരിക്കപ്പെട്ടതും, സമുദായത്തിനുവേണ്ടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധവുമായ കത്തോലിക്ക കോണ്‍ഗ്രസിന് സഭയിലെ ഒരു പ്രശ്‌നത്തെപ്പറ്റിയും ഒരഭിപ്രായവും സ്വന്തംനിലയില്‍ ഉരിയാടാന്‍ കഴിയാതെപോയിട്ടുള്ളത്.
 
ഇതുതന്നെയാണ് പ്രൊപ്പഗാന്താ മെത്രാന്മാരുടെ പാശ്ചാത്യവല്‍ക്കരണശ്രമങ്ങളെ ചെറുത്തുനിന്ന സമുദായനേതാക്കള്‍ ബീജാവാപം ചെയ്ത കത്തോലിക്കകോണ്‍ഗ്രസിന്, ഇന്നത്തെ 'പ്രൊപ്പഗാന്താ' ആയ പൗരസ്ത്യസംഘം പൗരസ്ത്യമുഖംമൂടി വെച്ചു നടത്തുന്ന കല്‍ദായീകരണ പരിശ്രമങ്ങള്‍ കണ്ണുതുറന്നു കാണാന്‍ സാധിക്കാതെപോകുന്നതിന്റെ കാരണവും. ഈ സഭയുടെ അപ്പോസ്തലിക പാരമ്പര്യമായ മാര്‍തോമായുടെ നിയമം ഉറപ്പു നല്‍കിയിരുന്ന പള്ളിക്കാരുടെ എല്ലാ അവകാശാധികാരങ്ങളെയും തുടച്ചുനീക്കിക്കൊണ്ട് പൗരസ്ത്യകാനോന്‍നിയമം ഈ സഭയുടെമേല്‍ അടിച്ചേല്പിച്ചപ്പോഴും, ആധ്യാത്മികശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാര്‍ തങ്ങളെത്തന്നെ രൂപതകളുടെ സമഗ്രാധിപതികളാക്കിയും, വിശ്വാസികളെ അവകാശങ്ങളൊന്നുമില്ലാത്ത വെറും പ്രജകളാക്കിയും സ്വയം രൂപംകൊടുത്ത പള്ളിയോഗനടപടിക്രമങ്ങള്‍ കെട്ടിച്ചമച്ചപ്പോഴും, കേരളകത്തോലിക്കരുടെ നാവായി വര്‍ത്തിക്കേണ്ട കത്തോലിക്കകോണ്‍ഗ്രസ് മൗനംപൂകിയതിന്റെ കാരണവും മറ്റൊന്നല്ല.
ഉത്തരവാദിത്വമുള്ള ഏതൊരു സംഘടനയും ആ സംഘടന പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അങ്ങനെയുണ്ടാകുന്ന ആശയരൂപീകരണത്തിന്റെ വെളിച്ചത്തില്‍ പ്രസക്തമായ കര്‍മ്മപരിപാടികള്‍ക്കു രൂപംകൊടുക്കുകയും ചെയ്യും. എന്നാല്‍, ഇന്നത്തെ കത്തോലിക്കകോണ്‍ഗ്രസ്സിന് സമുദായത്തിനുള്ളിലെ പ്രശ്‌നങ്ങളോ, അവ സംബന്ധിച്ച ചര്‍ച്ചകളോ അഭിപ്രായരൂപീകരണങ്ങളോ ഗൗരവമുള്ള കാര്യങ്ങളല്ലതന്നെ. അഭിപ്രായമില്ലാതെ വ്യക്തമായ സമീപനവും കര്‍മ്മപരിപാടികളും ഉണ്ടാകുന്നതെങ്ങനെ?
സ്വന്തമായ അഭിപ്രായമില്ലാത്തവര്‍ എപ്പോഴും അധികാരികളുടെ പക്ഷത്തായിരിക്കും. അങ്ങനെ മാത്രമേ അവര്‍ക്കു നിലനില്‍ക്കാനും തങ്ങളുടെ സാമൂഹികസാന്നിധ്യം ഉറപ്പിക്കാനും സാധിക്കൂ. ഈ മാനസികാവസ്ഥ, ആത്യന്തികമായി സ്വന്തം നിലനില്‍പിനെപ്പറ്റിയുള്ള ഉള്‍ഭീതിയില്‍നിന്നും ഉടലെടുക്കുന്നതാണ്. ജനവിരുദ്ധരായ അധികാരികളും, മറ്റൊരുവിധത്തില്‍, തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള നിരന്തരമായ ഉള്‍ഭീതിയിലാണ്. ജനപിന്തുണയില്ലല്ലോ എന്നതാണവരുടെ പ്രശ്‌നം. ചരിത്രത്തില്‍ എല്ലാക്കാലത്തും ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ കൈകോര്‍ത്തു പിടിച്ച് നിലനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
 
കത്തോലിക്കസമുഹത്തെ സേവിക്കുന്നതിനായി, ധീരതയും ആശയഗാംഭീര്യവും തികഞ്ഞ സമുദായ നേതാക്കള്‍ ത്യാഗങ്ങള്‍ സഹിച്ചു സ്ഥാപിച്ച കത്തോലിക്കകോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വം ജനവിരുദ്ധരായ അധികാരികളുടെ സംരക്ഷണം തേടി പോകുന്നത് സ്വന്തം നിലനില്പിനു വേണ്ടി മാത്രമാണ്.
 
സഭാനവീകരണം ഓശാനയിലൂടെ
 
ഈ സാഹചര്യത്തിലാണ് സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ ജന്മംകൊണ്ട സഭാനവീകരണസംരംഭങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടിവരുന്നത്.  ഇത്തരത്തിലുള്ള ആദ്യസംരംഭമായി കാണപ്പെടുന്നത് ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ 1970-ല്‍ രൂപംകൊണ്ട 'കാത്തലിക്ക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് ഇന്ത്യ' (C. R. M. I.) എന്ന സംഘടനയാണ്. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ സഭാസംബന്ധമായ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും ലഘുലേഖകളും പ്രസ്താവനകളും ശ്രീ. പുലിക്കുന്നേല്‍ അച്ചടിച്ചു വിതരണം ചെയ്തു തുടങ്ങി. ഈ ഉദ്യമത്തില്‍ കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ദേഹത്തിന്റെ സഹാധ്യാപകരായിരുന്ന പ്രഫ. ജോര്‍ജ് തോമസ്, പ്രഫ. ജോണ്‍. സി. ജേക്കബ് എന്നിവരുടെ സഹകരണവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പോലും ഭയംമൂലം ആരും സഹായിച്ചില്ല. കൂലിക്കാരെവച്ചാണ് കടകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ അവ വിതരണം ചെയ്തത്. ഭയചകിതരായിട്ടാണെങ്കിലും കിട്ടിയവര്‍ കിട്ടിയവര്‍ അവയെല്ലാം ആവേശപൂര്‍വം വായിക്കുകയും മറ്റുള്ളവര്‍ക്കു രഹസ്യമായി കൈമാറുകയും ചെയ്തു. പല ആധികാരിക സഭാസമീപനങ്ങള്‍ക്കുമെതിരെ തങ്ങളുടെ മനസ്സില്‍ ഉറഞ്ഞുകൂടിക്കിടന്നിരുന്ന വിമതാശയങ്ങളുടെ പ്രതിഫലനമായാണ് അവ പലര്‍ക്കും അനുഭവപ്പെട്ടത്. ഏതായാലും, ശ്രീ. ജോസഫ് പുലിക്കുന്നേല്‍ അങ്ങേയറ്റം ധീരതയോടെ തുടര്‍ച്ചയായി ഇറക്കിക്കൊണ്ടിരുന്ന ലഘുലേഖകള്‍ക്കായി ജനങ്ങള്‍ കൗതുകപൂര്‍വം കാത്തിരിക്കുന്ന ഒരു സാഹചര്യമുണ്ടായി. അവയെല്ലാം സുവിശേഷാധിഷ്ഠിതവും യുക്തിഭദ്രവുമായിരുന്നതിനാല്‍ മറിച്ചു സമര്‍ഥിക്കാന്‍ ആര്‍ക്കുമൊട്ടു കഴിഞ്ഞതുമില്ല.
 
ഈ ലഘുലേഖാപ്രസ്ഥാനം വളര്‍ന്നാണ് 1975-ല്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ചീഫ് എഡിറ്ററായി, C. R. M. I. യുടെതന്നെ പേരില്‍ ഓശാന മാസിക പ്രസിദ്ധീകരിക്കാനാരംഭിച്ചത്. ആ മാസിക കത്തോലിക്കസഭയില്‍ നിലനില്ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ധീരമായി ശബ്ദമുയര്‍ത്തുന്ന ലേഖനങ്ങള്‍കൊണ്ടു സഭാംഗങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഒപ്പം, സഭാധികാരത്തിന്റെ പീഡനത്തിനും അവഗണനയ്ക്കുമൊക്കെ വ്യക്തിപരമായി ഇരയാകുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തുപോന്നു. ഓശാന മാസികയില്‍ എഴുതാറുണ്ടായിരുന്ന ചിലരുടെ പേരുകള്‍ താഴെ കൊടുക്കുന്നു:
 
റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, ഫാ. ജേക്കബ് പുലിക്കോടന്‍ എസ്. ജെ., ജോസഫ് പുത്തന്‍തറ, ജയിംസ് ഐസക്ക് കുടമാളൂര്‍, പ്രഫ. ടി. ജെ. മത്തായി, ഫാ. ഔസേപ്പറമ്പില്‍, എസ്. ഏഴുമല, സിസിലിയാമ്മ പെരുമ്പനാനി, കെ. കെ. ജോസഫ് കുളിരാനി, എന്‍. കെ. ജോസ്, എം. എസ്. വീഡന്‍, രാജു താരാമംഗലം, പി. ജെ. സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ പുളിങ്കുന്ന്...
 
ഇതിനിടയില്‍ കത്തോലിക്കസഭയില്‍ സംഭവിച്ച രണ്ടു കാര്യങ്ങള്‍കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഒന്ന്, 'ഓശാന മലയാളം ബൈബിളി'ന്റെ പ്രചാരണം. രണ്ട്, ബൈബിള്‍ സമര്‍ഥമായി ഉപയോഗിക്കുന്ന കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സഭാംഗങ്ങള്‍ക്കിടയിലുണ്ടായ സ്വാധീനം.
 
അതിനു മുമ്പ് കത്തോലിക്കസഭ ബൈബിളിനോടു പുലര്‍ത്തിയിരുന്ന സമീപനമെന്തെന്ന് അല്പം വിശദീകരിക്കേണ്ടതുണ്ട്: അല്മായര്‍ വേദപുസ്തകം വായിക്കുന്നത് ഹാനികരമെന്ന് കത്തോലിക്ക സഭാധികാരികള്‍ വിശ്വസിച്ചിരുന്നു. ടൂളൂസ് (Toulouse) കൗണ്‍സിലില്‍ (1229) വച്ച് വിശുദ്ധഗ്രന്ഥം അല്‌മേനികള്‍ വായിക്കാന്‍ പാടില്ലെന്ന് വിലക്കുകല്പിച്ചു (Cannon 14). ത്രെന്തോസ് കൗണ്‍സിലില്‍ വീണ്ടും ഈ മുടക്ക് സ്ഥിരീകരിക്കപ്പെട്ടു (Section IV, April 8, 1546, Decree Concerning the Canonical Scriptures). ഏതെങ്കിലും ഒരു അല്‌മേനി വിശുദ്ധഗ്രന്ഥപഠനം നടത്തിയാല്‍ നിയമപ്രകാരം ശിക്ഷിക്കണമെന്നും ആജ്ഞാപിച്ചു. 1713-ല്‍ ക്ലെമന്റ് 11-ാമന്‍ മാര്‍പാപ്പാ അല്‌മേനികള്‍ ബൈബിള്‍ വായിക്കാന്‍ പാടില്ലെന്ന് മുടക്കു കല്പിച്ചു (bull Unigenitus). ആദ്യമുടക്കല്‍ കഴിഞ്ഞ് 736 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് (1965) വിശുദ്ധഗ്രന്ഥം അല്‌മേനികള്‍ക്ക് വായിക്കാന്‍ അനുവദിക്കാത്ത പുസ്തകങ്ങളുടെ ലിസ്റ്റില്‍നിന്ന് (Index Librorum Prohibitorum, List of Prohibited Books) നീക്കംചെയ്തത്. നിരോധിച്ച പുസ്തകലിസ്റ്റ് 1966 ജൂണ്‍ 14-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പാ ഔദ്യോഗികമായി റദ്ദാക്കി.
ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷാചരിത്രം
 
കത്തോലിക്കസഭയുടെ അനാവശ്യമായ മര്‍ക്കടമുഷ്ടിക്ക് ഒരു ഉദാഹരണമായി ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷാചരിത്രം അല്പ മൊന്ന് വിവരിക്കട്ടെ:
ഓക്‌സ്‌ഫോര്‍ഡിലെ പ്രഫസറും, മഹാപണ്ഡിതനും, ദൈവശാസ്ത്ര ജ്ഞനുമായിരുന്ന ജോണ്‍ വൈക്ലിഫ് (John Wycliffe) 1380-കളില്‍ അന്ന് അദ്ദേഹത്തിന് ലഭ്യമായിരുന്ന ലാറ്റിന്‍ വുള്‍ഗാത്തയില്‍ നിന്ന് (Latin Vulgate, 382 by St. Jerome) ഇംഗ്ലീഷിലേക്ക് ബൈബിള്‍ പരിഭാഷപ്പെടുത്തി. അതിന്റെ പല കയ്യെഴുത്തുപ്രതികളും ഉണ്ടാക്കി. അദ്ദേഹം മരിച്ച് 44 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ മാര്‍പാപ്പാ ബൈബിള്‍ ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയതില്‍ കോപാകുലനായി വൈക്ലിഫിന്റെ അസ്ഥികള്‍ മാന്തിയെടുത്ത് ഇടിച്ചുപൊടിച്ച് നദിയില്‍ എറിഞ്ഞുകളഞ്ഞു. വൈക്ലിഫിന്റെ അനുയായിയായിരുന്ന ജോണ്‍ ഹസ് (John Hus) വിശ്വാസികള്‍ക്ക് ഇംഗ്ലീഷില്‍ ബൈബിള്‍ വായിക്കാന്‍ സാധിക്കണമെന്ന് വാദിച്ചു. 1415-ല്‍ അദ്ദേഹത്തെ ജീവനോടെ തീയില്‍ എറിഞ്ഞ് ചുട്ടുകരിച്ചു കൊന്നു. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞു: ''In 100 years, God will raise a man whose calls for reform cannot be suppressed.'' 102 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ (Martin Luther) തന്റെ 95 തീസ്സിസ് (Theses) വിറ്റന്‍ബര്‍ഗ് (Wittenberg) ദേവാലയവാതില്ക്കല്‍ ആണിയടിച്ചു തൂക്കി. അങ്ങനെ നവോത്ഥാന ത്തിന് തുടക്കം കുറിച്ചു.
 
1517-ല്‍, തങ്ങളുടെ കുട്ടികളെ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ഥന ഇംഗ്ലീഷില്‍ പഠിപ്പിച്ചു എന്ന കുറ്റത്തിന് കത്തോലിക്കസഭ ഏഴുപേരെ തീയില്‍ എറിഞ്ഞ് ചുട്ടുകരിച്ചു കൊന്നു.
 
ഇംഗ്ലണ്ടിലെ ഹെന്‍ഡ്രി ഏഴാമന്റെയും ഹെന്‍ഡ്രി എട്ടാമന്റെയും വൈദ്യനായിരുന്ന ഓക്‌സ്‌ഫോര്‍ഡിലെ പ്രഫസര്‍ തോമസ് ലിനാക്രെ (Thomas Linacre) ഗ്രീക്കു പഠിച്ച് ബൈബിള്‍ ഗ്രീക്കുഭാഷയില്‍ വായിച്ചു പഠിച്ചു. ലാറ്റിന്‍ പരിഭാഷ വളരെ തെറ്റുകള്‍ നിറഞ്ഞതാണെന്നും സുവിശേഷത്തിലെ സന്ദേശം കാത്തുസൂക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ലാറ്റിന്‍ വുള്‍ഗാത്തയാണ് ശരിയെ ന്നും അതല്ലാതെ മറ്റൊന്നും വായിക്കാന്‍ പാടില്ലെന്നും ഇനി ആരെങ്കിലും ഈ ഉത്തരവിനെതിരായി വായിച്ചാല്‍ അവരെ ചുട്ടുകരിച്ചു കൊല്ലുമെന്നും സഭ ഭീഷണിപ്പെടുത്തി. ഓക്‌സ്‌ഫോര്‍ഡ് പ്രഫസറായിരുന്ന ജോണ്‍ കോലിറ്റ് (John Colet) 1496-ല്‍ ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ ഇംഗ്ലീഷില്‍ ബൈബിള്‍ വായിച്ചു തുടങ്ങി. 20,000-ഓളം ജനങ്ങള്‍ ദൈവവചനം സ്വന്തം ഭാഷയില്‍ വായിക്കുന്നതു കേള്‍ക്കാന്‍ തടിച്ചുകൂടി (ഇന്ന് ആ പള്ളിയില്‍ ഞായറാഴ്ചകളില്‍ കൂടിയാല്‍ 200 പേര്‍ ശുശ്രൂഷ യില്‍ പങ്കെടുക്കും. അതിലധികവും വിനോദയാത്രക്കാരുമാണ്). ജോണ്‍ കോലിറ്റിന് ഉന്നതസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്നതിനാല്‍ അദ്ദേഹം വധശിക്ഷ കിട്ടാതെ രക്ഷപെട്ടു. 1516-ല്‍ പണ്ഡിതനായ ഇറാസ്മൂസ് (Erasmus) തെറ്റുകള്‍ ധാരാളമുള്ള ലാറ്റിന്‍ വുള്‍ഗാത്തയെ തെറ്റില്ലാതെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുവാന്‍ ഗ്രീക്കു ബൈബിളും ഹീബ്രു ബൈബിളും ഉപയോഗിച്ചു. പിന്നീട് വില്യം റ്റിന്‍ഡല്‍ (William Tyndale) പുതിയ നിയമം ഇംഗ്ലീഷില്‍ അച്ചടിപ്പിച്ചു. അദ്ദേഹം അസാധാ രണ ധിഷണാപാടവം ഉള്ളവനും പണ്ഡിതനുമായിരുന്നു. അച്ചടിച്ച ഈ പുതിയനിയമം മെത്രാന്റെ കയ്യിലെത്തിയാല്‍ ഉടന്‍ അത് ചുട്ടുകരിക്കു മായിരുന്നു. ഇന്‍ക്വിസിഷന്‍കാര്‍ അദ്ദേഹത്തെ അന്വേഷിച്ചു നടന്നു. പക്ഷേ, അവര്‍ക്ക് അദ്ദേഹത്തെ പിടികിട്ടിയില്ല. ഇതിനിടെ മാര്‍ട്ടിന്‍ ലൂഥര്‍ 1529-ല്‍ ജര്‍മന്‍ ഭാഷയില്‍ പുതിയ നിയമം അടിച്ചിറക്കി. ഹെന്‍ഡ്രി എട്ടാമന്റെ കിടക്കമുറിയിലും റ്റിന്‍ഡലിന്റെ അച്ചടിച്ച പുതിയനിയമത്തിന്റെ ഇംഗ്ലീഷ് കോപ്പി എത്തിച്ചേര്‍ന്നു. അതോടെ എല്ലാ കോപ്പികളും കത്തി ക്കാന്‍ കല്പനയായി. ആരെങ്കിലും ഒരു കോപ്പി സൂക്ഷിച്ചാല്‍ അയാളെ ചുട്ടുകരിച്ചുകൊല്ലുകയും ചെയ്തിരുന്നു. ദൈവവചനം സ്വന്തം ഭാഷയില്‍ വായിച്ചു മനസ്സിലാക്കുന്നത് വലിയ തെറ്റായി സഭ കണ്ടു. സഭയുടെ അധികാരത്തെയും സാമ്പത്തിക വരുമാനത്തെയും കാര്യമായി ബാധിക്കുമെന്ന് സഭാധികാരികള്‍ ഭയപ്പെട്ടു. ഇന്ന് റ്റിന്‍ഡലിന്റെ ഇംഗ്ലീഷ് ഒന്നാം എഡിഷന്റെ (1525-26) രണ്ടു കോപ്പികളെ അവശേഷിച്ചിട്ടുള്ളു. 11 നീണ്ട വര്‍ഷങ്ങള്‍ ഹെന്‍ഡ്രി എട്ടാമനും സഭയും അദ്ദേഹത്തെ വേട്ട യാടി. അവസാനം ഒരിംഗ്ലീഷുകാരന്‍ അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. 500 ദിവസങ്ങള്‍ ജയിലില്‍ കിടന്നശേഷം 1536-ല്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊന്നശേഷം തീയില്‍ ചുട്ടുകരിച്ചു. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു: ''Oh Lord, open the King of England's eyes.''39'മൂന്നു വര്‍ഷങ്ങള്‍ക്കകം റ്റിന്‍ഡലിന്റെ പ്രാര്‍ഥന ദൈവം കേട്ടു.  1539-ല്‍ ഹെന്‍ഡ്രി എട്ടാമന്‍ ബൈബിള്‍ ഇംഗ്ലീഷില്‍ അച്ചടിക്കാന്‍ അനുവദിച്ചു. ആ ബൈബിള്‍ ഗ്രെയ്റ്റ് ബൈബിള്‍ (Great Bible) എന്ന പേരില്‍ അറിയപ്പെടുന്നു. ആ ബൈബിള്‍ ഇംഗ്ലണ്ടിലെ എല്ലാ പള്ളികളി ലേക്കും വിതരണം ചെയ്തു. പുരോഹിതന്റെ പ്രസംഗപീഠത്തിലേക്ക് (Pulpit) ബൈബിള്‍ ചങ്ങല ഇട്ട് പൂട്ടിയിട്ടു. ഇംഗ്ലീഷ് വായിക്കാന്‍ അറിയാന്‍ പാടില്ലാത്തവര്‍ക്കുവേണ്ടി ദൈവവചനം വായിച്ചു കേള്‍പ്പിക്കാന്‍ ഒരു വായനക്കാരനെയും നിയോഗിച്ചു.
 
ഹെന്‍ഡ്രി എട്ടാമന്‍ ഇംഗ്ലീഷില്‍ ബൈബിള്‍ അച്ചടിക്കാന്‍ അനുവദി ച്ചത് സദുദ്ദേശ്യം കൊണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ഭാര്യ കാതറീനില്‍ നിന്നു വിവാഹമോചനം നേടാന്‍ മാര്‍പാപ്പായോട് ആവശ്യപ്പെട്ടിട്ട് മാര്‍പാപ്പാ അതനുവദിക്കാതിരുന്നതിന്റെ പ്രതികാരങ്ങളിലൊന്നായിരുന്നു ബൈബിള്‍ അച്ചടി. റോമന്‍ കത്തോലിക്കപള്ളിയില്‍ നിന്നു മാറി, അദ്ദേഹം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സ്ഥാപിച്ചു. അങ്ങനെ ഹെന്‍ഡ്രി എട്ടാമന്‍ മാര്‍പാപ്പായെപ്പോലെതന്നെ രാജ്യത്തിന്റെയും സഭയുടെയും രാജാവായി. കൂടാതെ, തന്റെ കാമിനിയെ വിവാഹവും ചെയ്തു. ക്വീന്‍ മേരി (Queen Mary) ഇംഗ്ലണ്ടിന്റെ രാജ്ഞി ആയപ്പോള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോമന്‍ ചര്‍ച്ചിലേക്ക് തിരിച്ചുപോകാന്‍ രാജ്ഞി ആവശ്യ പ്പെട്ടു. അതോടെ നവോത്ഥാനക്കാരിലെ പ്രമാണികള്‍ ജനീവായിലേക്ക് കുടിയേറി.  ആ കുടിയേറ്റക്കാര്‍ എല്ലാംകൂടി 1560-ല്‍ പുതിയ ഒരു ഇംഗ്ലീഷ് ബൈബിള്‍ പ്രസിദ്ധം ചെയ്തു. ആ ബൈബിളിലാണ് ആദ്യമായി ഓരോ വാക്യത്തിനും നമ്പറുകള്‍ ഉപയോഗിച്ചു തുടങ്ങിയത്.  അമേരിക്കയിലേ ക്കുള്ള ആദ്യകുടിയേറ്റക്കാര്‍ ആ ജനീവാ ബൈബിളിന്റെ കോപ്പികളാണ് അമേരിക്കയിലേക്ക് കൊണ്ടുപോയത്. പ്രോട്ടസ്റ്റന്റ് റിഫോര്‍മേഷന്റെ ബൈബിളായിരുന്നു, ജനീവാ ബൈബിള്‍.
ഇതെല്ലാം കണ്ട് മനസ്സു മടുത്ത കത്തോലിക്കസഭ 1582-ല്‍ 'ലത്തീന്‍ ബൈബിള്‍ മാത്രം' എന്ന പിടിവാശിക്ക് വിരാമമിട്ട് തെറ്റുകള്‍ ധാരാള മുണ്ടായിരുന്ന ലാറ്റിന്‍ വുള്‍ഗാത്തയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ ത്തനം ചെയ്തു. ഇന്ന് നൂറുകണക്കിന് ഭാഷകളില്‍ ബൈബിള്‍ വിവര്‍ ത്തനം ചെയ്തിട്ടുണ്ട്.
ഓശാന ബൈബിള്‍
 
ഓശാനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ വിവര്‍ത്തനത്തെയും മലയാളം ബൈബിളിനെയും അതിലൂടെ നിര്‍വഹിക്കപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ സുവിശേഷവത്കരണത്തെയും പറ്റി ഇത്തരുണത്തില്‍ അല്പമൊന്നു വിശദീകരിക്കേണ്ടതുണ്ട്. 
ഓശാനയുടെ മലയാളം ബൈബിള്‍ വിവര്‍ത്തനത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ മുന്‍ യു. ജി. സി. ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജേക്കബ് ആയിരുന്നു. വിവിധ ക്രൈസ്തവസഭകളിലെ ബൈബിള്‍ പണ്ഡിതന്മാരുടെയും സാഹിത്യകാരന്മാരുടെയും ഭാഷാപണ്ഡിതന്മാരുടെയും സഹകരണത്തോടെ നടത്തപ്പെട്ട ഈ സംരംഭത്തില്‍ പ്രശസ്ത പണ്ഡിതനും മാതൃഭൂമി വാരികയുടെ ചീഫ് എഡിറ്ററും ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടറും ഒക്കെയായിരുന്ന ഡോ. എന്‍. വി. കൃഷ്ണവാര്യര്‍ ചീഫ് എഡിറ്ററാകാന്‍ നിരുപാധികം തയ്യാറായി. എല്ലാ ക്രൈസ്തവവിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയിലും ആധുനികമലയാളശൈലിയിലും ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ വിദേശത്തുനിന്നു സാമ്പത്തികസഹായം ലഭിക്കുകയുണ്ടായി.
കത്തോലിക്കസഭയില്‍നിന്ന് റവ. ഡോ. ജെ. കട്ടയ്ക്കല്‍, റവ. ഡോ. കെ. ലൂക്ക് ഒ. എഫ്. എം. കപ്പൂച്ചിന്‍, റവ. ഡോ. വടക്കുമ്പാടന്‍, റവ. ഡോ. കണിയാരകത്ത്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഫാ. ജെ. ഔസേപ്പറമ്പില്‍ എന്നീ പുരോഹിതരും പ്രഫ. സ്‌കറിയാ സക്കറിയ, പ്രഫ. ജോസഫ് മറ്റം, പ്രഫ. ജോര്‍ജ് തോമസ്, പ്രഫ. ജോര്‍ജ് ഇരുമ്പയം, പ്രഫ. മാത്യു ഉലകംതറ, ഡോ. എം. സി. ഇല്‍ഡഫോണ്‍സ്, ശ്രീ. സി. എ. അഗസ്റ്റിന്‍, ശ്രീ. ജോസഫ് പുത്തന്‍തറ മുതലായവരും സഹകരിച്ചു. ഇതര സഭകളില്‍നിന്ന് റവ. ഡോ. എം. ജെ. ജോസഫ്, റവ. പി. ടി തോമസ്, ഡോ. സി. ജെ. റോയി, പ്രഫ. തുമ്പമണ്‍ തോമസ്, പ്രഫ. സി. സി. ചാക്കോ, ശ്രീ. ഒ. പി. ജോസഫ്, ശ്രീ. എം. കുര്യന്‍ മുതലായവരാണ് സഹകരിച്ചത്.
 
കേരളത്തിലെ മര്‍ദിതരും പീഡിതരുമായ ദരിദ്രര്‍ക്കിടയില്‍ ജാതി-മത-സഭാവിഭാഗഭേദമില്ലാതെ വളരെ ചെറിയ വിലയ്ക്കും സൗജന്യമായും ലക്ഷക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട ഓശാന മലയാളം ബൈബിളിനെയാകട്ടെ, ഇംപ്രിമാത്തൂര്‍ നല്കാതെയാണ് സഭ നേരിട്ടത്. ഈ ബൈബിളിലെ ഒരു വാക്കുപോലും കത്തോലിക്കാസഭയുടെ വിശ്വാസത്തിനെതിരല്ലെന്ന് പ്രഗല്ഭ ബൈബിള്‍ പണ്ഡിതനും ദൈവശാസ്ത്ര ജ്ഞനുമായ റവ. ഡോ. കെ. ലൂക്ക് ഒ. എഫ്. എം. കപ്പൂച്ചിന്‍ സഭാധികാരികള്‍ക്ക് സാക്ഷ്യപ്പെടുത്തി ഇംപ്രിമാത്തൂര്‍ നല്കാന്‍ ശിപാര്‍ശചെയ്തിരുന്നതാണ്. എന്നാല്‍ സഭാധികാരം അതിനു തയ്യാറായില്ല. ഓശാനബൈബിളിന് അംഗീകാരം നല്കിയാല്‍, വിദേശഫണ്ടു വാങ്ങാനും നാട്ടില്‍ പിരിവുനടത്താനും മാത്രമല്ല, പി. ഒ. സി. ബൈബിള്‍ വിറ്റ് വന്‍ ലാഭമെടുക്കാനും സാധിക്കയില്ലല്ലോ. പോട്ടയിലെ ഡിവൈന്‍ ധ്യാനമന്ദിരത്തില്‍നിന്ന് അതിന്റെ അധികൃതര്‍ ഓശാന ബൈബിളിന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്തിരുന്നു. ആദ്യം കരിസ്മാറ്റിക് ധ്യാനപരിപാടികളോട് അകന്നുനിന്നിരുന്ന കത്തോലിക്കസഭ സാവധാനം അവയുടെ നവീകരണാഭിമുഖ്യത്തിന് തടയിടാന്‍, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമാകുമാറ്, അവയെയും ഉപയോഗിച്ചു. പിന്നീട് ഡിവൈന്‍ ധ്യാനമന്ദിരവും വ്യാപാരലാഭത്തിനു പിന്നാലെ പോകുകയായിരുന്നു.
 
കേരളക്രൈസ്തവരെ ബൈബിള്‍സ്വാധീനത്തില്‍ കൊണ്ടുവരാന്‍ മലയാളം ബൈബിളും കരിസ്മാറ്റിക് ധ്യാനങ്ങളും സഹായിച്ചിട്ടുണ്ട് എന്ന വസ്തുത അനിഷേധ്യമാണ്. മലയാളം ബൈബിളിന്റെ സ്വാധീനം സത്യസന്ധരായ അനേകരെ കത്തോലിക്കസഭവിട്ട് ഇതരസഭകളിലേക്കു പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും അതു നന്നെന്നാണ് സഭാധികാരികള്‍ സ്വകാര്യമായി കരുതുന്നത്. ഇതിനു പിന്നില്‍ വചനാധിഷ്ഠിതമായി ചിന്തിക്കാന്‍ പ്രാപ്തിനേടുന്നവര്‍ സഭയില്‍ ശല്യക്കാരാകാനിടയുണ്ടെന്ന ഭയമാണ്. കൂടുതല്‍കൂടുതല്‍ പേര്‍ സഭവിട്ട് പോകുന്നത് തങ്ങളുടെ സാമ്പത്തിക-അധികാര താത്പര്യങ്ങള്‍ക്കു സഹായകമാണെന്നും സഭാധികാരികള്‍ കരുതുന്നുണ്ട്. ഇതു മനസ്സിലാക്കാന്‍ 'കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം' പോലുള്ള സ്വതന്ത്ര വിശ്വാസിസംഘങ്ങള്‍ ക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, സഭയില്‍ത്തന്നെനിന്നുകൊണ്ടുള്ള സഭാനവീകരണസംരംഭങ്ങളുടെ പ്രാധാന്യം അവരൊക്കെ ഊന്നിപ്പറയുന്നത്.
 
എന്നാല്‍ ബൈബിളിനെ ഒരു പൂജനീയഗ്രന്ഥമായെന്നതിലുപരി ജീവിതമാര്‍ഗദര്‍ശിയായി കാണാനുള്ള യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ അഭാവം ഇന്നും ഇവിടെയുണ്ട്. അതു ലഭ്യമാക്കാന്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' എന്ന സംഘടനയുടെ മുന്നില്‍ ഒരു എളിയ അഭിപ്രായം വയ്ക്കട്ടെ:
ഇപ്പോള്‍ സഭാധികാരികള്‍ ഇടവകതലം മുതല്‍ സംസ്ഥാനതലംവരെ എല്ലാ വര്‍ഷവും നടത്താറുള്ള ലോഗോസ് ബൈബിള്‍ക്വിസ്സിനു സമാന്തരമായി, സാര്‍വത്രിക സ്വഭാവമുള്ള ധാര്‍മിക, നവീകരണ, വിമോചന സങ്കല്പങ്ങളെന്തെന്നു പഠിക്കാന്‍ അന്വേഷണബുദ്ധിയുള്ള ഏതു മതസ്ഥരെയും വിദ്യാര്‍ഥികളെയും സഹായിക്കുന്ന, ബൈബിള്‍ അധിഷ്ഠിതമായ ഒരു ചോദ്യാവലിയുമായി ഒരു ക്വിസ് മത്സരമാണുദ്ദേശിക്കുന്നത്. ബൈബിള്‍ ക്വിസ് പോലെതന്നെ ഒരു സഭാചരിത്ര ക്വിസ്സും ആവാം. ആകര്‍ഷകമായ സമ്മാനങ്ങളും (സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ) ഏര്‍പ്പാടാക്കണം. ബൈബിളിന്റെ മാനുഷിക വിമോചനവീക്ഷണത്തിനും സഭാചരിത്രത്തില്‍നിന്നു ലഭ്യമാകുന്ന പ്രത്യാശയ്ക്കും പ്രാധാന്യം നല്കി, ക്വിസ്സില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചകള്‍ നല്കുംവിധത്തില്‍, ചോദ്യങ്ങള്‍ തയ്യാറാക്കുന്നതില്‍ സംഘാടകര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
 
അടിസ്ഥാന പ്രശ്‌നം സഭാവ്യവസ്ഥയുമായി ബന്ധമുള്ളതാണെന്നും ഓരോ ഇടവകയിലും നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഒത്തുചേരാന്‍ ഒരു വേദി ഉണ്ടാക്കണമെന്നും  ഓശാന വായനക്കാരിനിന്ന് അഭിപ്രായമുയര്‍ന്നു. അതിനെത്തുടര്‍ന്നുണ്ടായതാണ്, 'കേരള കത്തോലിക്ക അല്മായ അസോസിയേഷന്‍' എന്ന സംഘടന. ആദ്യ പ്രസിഡന്റ് ശ്രീ. വി. വി. ജോസഫ് ഐ. എ. എസ് ആയിരുന്നു. ശ്രീ. ജോസഫ് പുലിക്കുന്നേലായിരുന്നു സെക്രട്ടറി. ശ്രീ. ടി. വി. ജോസഫ് ജോയിന്റ് സെക്രട്ടറിയും ശ്രീ. വി. ജി. സിറിയക്ക് ഐ. എ. എസ്. ട്രഷററും ആയി. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ. പി. സി ജോസഫ് പൂവത്തുങ്കല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അസോസിയേഷന്‍ പ്രധാനമായി ചെയ്തത് സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുകയായിരുന്നു. ഓരോ ഇടവകയിലും യൂണിറ്റുകള്‍ രൂപീകരിക്കണമെന്നൊക്കെ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമു ണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസരംഗത്തു കുത്തകയുള്ള അച്ചന്മാരെ ഭയന്നുകഴിയുന്ന വിശ്വാസികള്‍ പരസ്യമായി രംഗത്തുവരാന്‍ മടിച്ചു. കൂടാതെ, സംഘടന പ്രഫ. കെ. എം. ചാണ്ടി, അഡ്വ. ഇ. എം. ജോസഫ്, ശ്രീ. ബി. വെല്ലിങ്ടണ്‍, ഡി. സി. കിഴക്കേമുറി, കുര്യന്‍ കുഴിവേലി മുതലായവരുടെ നേതൃത്വത്തില്‍ സഭയില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സഭാംഗങ്ങളുടെ ഒപ്പുശേഖരിക്കുകയും സഭാധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സഭാധികാരികള്‍ അവയൊന്നും പരിഗണിക്കുകയുണ്ടായില്ലെന്നു സമ്മതിക്കണം. എന്നാല്‍ സഭയുടെ മുഖപത്രങ്ങള്‍പോലും സ്വന്തം പേജുകളില്‍ സഭാനവീകരണത്തെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും മറ്റും തുടങ്ങിയത് ഓശാനയിലുയര്‍ന്ന സ്വരത്തിന്റെ മാറ്റൊലികൊണ്ടാണ്.
 
ഇതു പറയുമ്പോള്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സഭാധികാരികളെ ചോദ്യം ചെയ്യുന്ന സൃഷ്ടിപരമായ പ്രസ്ഥാനങ്ങളില്‍നിന്നു സഭാംഗങ്ങളെ  മാറ്റിനിറുത്തുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു വേദി പലരും ഒരുക്കുന്നത്. സഭാനവീകരണവാദി കളുടെ സമരത്തിലൊന്നും പങ്കെടുക്കരുത്, സഭാധികാരത്തിനെതിരെയുള്ള സഭാംഗങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാനും എതിരഭിപ്രായങ്ങള്‍ പറയാനും സഭയോടൊത്തു നില്ക്കുന്നവര്‍ക്കും വേദിയുണ്ട്, നമുക്ക് അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും എന്നൊക്കെയാണ് അവയുടെ സന്ദേശം. ഓശാനയുടെയും അല്മായ അസോസിയേഷ ന്റെയും പ്രസക്തി ഇവിടെയായിരുന്നു.
വിമോചനദൈവശാസ്ത്ര പ്രസ്ഥാനങ്ങള്‍
 
1980-കളില്‍ ആഗോളസഭയില്‍ത്തന്നെ, പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, കോളിളക്കം സൃഷ്ടിച്ച ഒരു സഭാനവീകരണവിപ്ലവ മുണ്ടായി. വൈദികരും വൈദികമേലധ്യക്ഷന്മാരുംവരെ ജനകീയ സമരങ്ങളിലൂടെ സ്വേച്ഛാധിപത്യപരമായ ഭരണകൂടങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ വിമോചന ദൈവശാസ്ത്രപ്രസ്ഥാനങ്ങള്‍ മറ്റു മൂന്നാം ലോകരാജ്യങ്ങളിലും അതിന്റെ അലകളുയര്‍ത്തി.
 
ദരിദ്രരുടെ പക്ഷത്തുനിന്നുള്ള ബൈബിള്‍ വായനയിലൂടെയും പുനര്‍ വ്യാഖ്യാനങ്ങളിലൂടെയും രൂപംകൊണ്ടതായിരുന്നു വിമോചനദൈവശാസ്ത്രം. സഭാധികാരം ഉയര്‍ത്തിപ്പിടിക്കുന്ന പരമ്പരാഗതദൈവശാസ്ത്രങ്ങള്‍ മുതലാളിത്തത്തെയും അനീതിയിലധിഷ്ഠിതമായ അതിന്റെ സാമൂഹികഘടനയെയും താങ്ങി നിര്‍ത്തുന്നവയാണ് എന്ന കണ്ടെത്തലില്‍നിന്നാണ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലും തുടര്‍ന്ന് ക്രൈസ്തവജനവിഭാഗങ്ങളുള്ള മുഴുവന്‍ മൂന്നാം ലോകരാജ്യങ്ങളിലും വിമോചന ദൈവശാസ്ത്രചിന്താധാരയും പ്രസ്ഥാനങ്ങളും മുളപൊട്ടി വളര്‍ന്നത്.
 
കേരളത്തിലും വിമോചനദൈവശാസ്ത്രചിന്തകരുണ്ടായി. അവരില്‍ പ്രമുഖര്‍ മാര്‍തോമാസഭയിലെ അല്മായപ്രമുഖനായ ഡോ. എം. എം. തോമസും ഈശോസഭാംഗമായ ഡോ. എസ്. കാപ്പനും ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയും ഫാ. സാമുവല്‍ രായനും ആയിരുന്നു. ഇവരില്‍ ഡോ. എം. എം. തോമസ് സഭകളുടെ ലോകകൗണ്‍സിലിന്റെ (World Council of Churches - W. C. C.) മുഖ്യസാരഥികൂടി ആയിരുന്നതിനാല്‍ കത്തോലിക്കസഭയൊഴിച്ചുള്ള മറ്റു സഭകളുടെയെല്ലാം പൊതുനിലപാടും വിമോചനദൈവശാസ്ത്രത്തിനനുകൂലമായിരുന്നു. ബിഷപ് പൗലോസ് മാര്‍ പൗലോസ,് ഗീവര്‍ഗീസ് മാര്‍ ഒസ്താതേ്യാസ് മെത്രാപ്പോലീത്താ, പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്താ മുതലായ ഇതര സഭാമേലധ്യക്ഷന്മാരും ഈ പ്രസ്ഥാനത്തെ അനുകൂലിക്കാനുണ്ടായിരുന്നു. ലോകത്തിലെ വ്യാവസായിക തൊഴിലാളിവര്‍ഗത്തിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഒരു കാലത്ത് എത്രകണ്ട് ഉണര്‍വേകിയോ, ഏതാണ്ട് അതിനു സമാനമായ ഒരു ഉത്തേജനമാണ്, മുതലാളിത്ത വികസനനയങ്ങളുടെ വര്‍ധിച്ച വ്യാപനംമൂലം തകര്‍ന്നടിഞ്ഞ പരമ്പരാഗതമേഖലകളിലെ തൊഴിലാളിവിഭാഗങ്ങള്‍ക്കിടയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് അധഃസ്ഥിതജനവിഭാഗങ്ങള്‍ക്കിടയിലും 1970-കളുടെ അവസാനപാദംമുതല്‍ 1990-കളുടെ ആദ്യപാദംവരെ, വിമോചനദൈവശാസ്ത്രം നല്കിയത്.
 
കേരളത്തില്‍ ഈ ഉണര്‍വ് ഏറ്റവും പ്രകടമായത് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലായിരുന്നു. വന്‍കിടക്കാരുടെ യന്ത്രവല്‍ക്കൃതമത്സ്യബന്ധനം അവരുടെ ജീവിതത്തെയാകെ താറുമാറാക്കിയിരുന്നു. അവരില്‍ വളരെപ്പേര്‍ ക്രൈസ്തവരായിരുന്നു. സഹനത്തിന്റെയും ക്ഷമ യുടെയും മരണാനന്തര സ്വര്‍ഗലോകത്തിന്റെയുമായ സഭയുടെ പരമ്പരാഗത ദൈവശാസ്ത്രസമീപനത്തില്‍പ്പെട്ടു മയങ്ങിക്കിടന്നിരുന്ന അവരെ ഉണര്‍ത്താനും, അനീതിക്കെതിരെ സ്വരമുയര്‍ത്തുന്ന ജനകീയസമരത്തിന്റെ പാതയിലേക്കു നയിക്കാനും വിമോചനദൈവശാസ്ത്രത്തിനു കഴിഞ്ഞു.
 
വിമോചനാത്മക വികസനസങ്കല്പങ്ങളുമായി ധാരാളം ജനകീയ സംഘങ്ങള്‍ (people's organizations) ഇക്കാലയളവില്‍ രൂപംകൊണ്ടു. പ്രധാനമായും വൈദികരുടെ നേതൃത്വത്തിലുള്ളവയായിരുന്നു അവയിലേറെയും. അവര്‍ വിവിധ വിദേശഫണ്ടിങ് ഏജന്‍സികളില്‍നിന്നു ഫണ്ടു സ്വരൂപിക്കുകയും ജനങ്ങളില്‍ ആശയപ്രചാരണത്തിനും നേതൃത്വപരിശീലനത്തിനും മറ്റും ഉതകുന്ന സ്ഥാപനങ്ങളും കേന്ദ്രങ്ങളും സ്ഥാപിക്കുകയും, അങ്ങനെ വിമോചന ദൈവശാസ്ത്രപ്രസ്ഥാനങ്ങള്‍ക്കു കേരളത്തില്‍ വേരോടി വളരാനാവശ്യമായ എല്ലാവിധ പശ്ചാത്തലസൗകര്യങ്ങളും (infra-structure) ധൃതഗതിയില്‍ ഒരുക്കപ്പെടുകയും ചെയ്തു. അത്തരം ഏതാനും പ്രമുഖമായിരുന്ന സ്ഥാപനങ്ങളുടെ ഹ്രസ്വവിവരങ്ങള്‍ താഴെക്കൊടുക്കുന്നു:
പ്രസ്ഥാനത്തിന്റെ/ പ്രദേശം   മുഖ്യനേതൃത്വം
സ്ഥാപനത്തിന്റെ/     വഹിച്ചിരുന്നവര്‍
സെന്ററിന്റെ പേര്
       
1.   Programme for           തിരുവനന്തപുരം      നളിനി നായക്
     Community                 യൂജിന്‍ കുലാസ്
     Organization (PCO)                ഏലിയാമ്മ വിജയന്‍
2.   മോചകജീവകമുന്നേറ്റം മാവേലിക്കര    ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ്
     സെന്റര്‍       ഫാ. ജോസ് കളീക്കല്‍
     (MJM Centre)             ബ്ര. വിന്‍സെന്റ് ബെനഡിക്ട്
3.   Development Project             കുണ്ടറ,         ഫാ. സോളമന്‍
     for Inland Fishermens            കൊല്ലം    ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ്
     Community (DPIFC)
4.   Society for Culture &             കടമ്പനാട്,     ഫാ. ജോസഫ് തോമസ്
     Development (SCD)    ചണ്ണപ്പേട്ട, കൊല്ലം ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ്
5.   വികസനവിദ്യാഭ്യാസ   പത്തനംതിട്ട ഫാ. ജോസഫ് തോമസ്
     കേന്ദ്രം
6.   ആറ്റുവാശ്ശേരി   ആറ്റുവാശ്ശേരി,       ഫാ. ജോസ് കളീക്കല്‍
     എഡ്യൂക്കേഷന്‍  കൊല്ലം
     സൊസൈറ്റി
7.   സരോവര അന്തമണ്‍,     ഫാ. സോളമന്‍
     (Co-ordination Centre)          കൊല്ലം
8.   Programme for Social            തിരുവല്ല   റവ. എം. ജെ. ജോസഫ്
     Action (PSA)/              കെ. എം. തോമസ്
     ഡൈനാമിക് ആക്ഷന്‍       സി. ജെ. കുട്ടപ്പന്‍
     കലാവിഭാഗം        ബാബു കുമരകം
              ജോണ്‍സണ്‍
9.   Centre for Development        കാണക്കാരി,            ജോസ് വട്ടമറ്റം
     Action (CDA) /            കോട്ടയം   റവ. കെ. വി. പൗലോസ്
     വികാസ് ഇന്‍സ്റ്റിറ്റ്യൂട്ട്
10.   Student Christian       ചങ്ങനാശ്ശേരി    ശ്രീ. മാത്യു എം. ജോണ്‍
     Movement (SCM)
11.   Self Employed Women          എറണാകുളം    മേഴ്‌സി അലക്‌സാണ്ടര്‍
     Association (SEWA)                നളിനി നായക്
12.   Socio Religious           കോഴിക്കോട്    ഫാ. ഡൊമിനിക് ജോര്‍ജ്
     Centre (SRC)               ഫാ. ജോസഫ് പള്ളത്ത്‌
ഇവയും ഇതുപോലുള്ള മറ്റു സെന്ററുകളും അക്കാലത്ത് വളരെ സജീവമായിരുന്നു. കൂടാതെ, AICUF-ഉം (All India Catholic University Federation) വിമോചനദൈവശാസ്ത്ര ആശയപ്രചരണരംഗത്ത് കോളേജ് വിദ്യാര്‍ഥികളുടെയിടയില്‍ ഊര്‍ജസ്വലമായിരുന്നു. ആധികാരിക കത്തോലിക്കസഭ വിമോചനദൈവശാസ്ത്രത്തോട് തീര്‍ത്തും മുഖംതിരിച്ചു നിന്നപ്പോഴാണ്, കത്തോലിക്ക വിദ്യാര്‍ഥിപ്രസ്ഥാനമായ AICUF അതിനഭിമുഖമായി നിന്നതെന്നോര്‍ക്കണം. AICUF-ന് ഈ വിമോചനാത്മകമുഖമുദ്ര നല്‍കിയതില്‍, അതിന്റെ എറണാകുളം ചാപ്ലൈനായിരുന്ന ഫാ. പി. ജെ. ജോസഫ് പള്ളത്ത് വഹിച്ച പങ്ക് വളരെ വലുതാണ്.
 
വിമോചനദൈവശാസ്ത്ര ആശയങ്ങള്‍ പ്രചരിപ്പിക്കാനും സമരങ്ങളെ ഉത്തേജിപ്പിക്കാനുമായി ആലപ്പുഴയില്‍നിന്ന് 'ഓറ' (Organ for Radical Action) എന്ന പേരിലും, തിരുവല്ലായില്‍നിന്ന് 'ഡൈനാമിക് ആക്ഷന്‍' എന്ന പേരിലും നല്ല നിലവാരത്തിലുള്ള ഓരോ മാസികയും ഇക്കാലയളവില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
 
അങ്ങനെ പല വഴികളിലായി വിമോചനദൈവശാസ്ത്രത്തിനനുകൂലമായി കേരളക്രൈസ്തവ മനസ്സ് മിടിച്ചുതുടങ്ങി. അല്പമെങ്കിലും പുരോഗമനചിന്തയുണ്ടായിരുന്ന ഒട്ടുവളരെ വൈദികരും കന്യാസ്ത്രീകളും സഭാധികാരികളുടെ വിലക്കുകള്‍ വകവയ്ക്കാതെ, ദരിദ്രജനവിഭാഗങ്ങളുടെ പക്ഷത്തുനിന്നു ചിന്തിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും, രംഗത്തിറങ്ങി. മത്സ്യസമ്പത്ത് വന്‍തോതില്‍ വാരിയെടുത്തും, മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ത്തും, അവയുടെ പ്രജനനകാലത്തുപോലും മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിച്ചുള്ള ട്രോളിംഗ് നടത്തിയും പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതത്തെ വഴിമുട്ടിച്ചിരുന്ന വന്‍കിടക്കാരുടെ യന്ത്രവല്‍ക്കൃത മത്സ്യബന്ധനത്തെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ വ്യാപിച്ചു. സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയനുകള്‍ എല്ലാ തീരദേശജില്ലകളിലുമുണ്ടായി. അവയുടെ പൊതുവേദിയായി 'കേരളസ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍' രൂപീകരിക്കപ്പെട്ടു. ഈ ജില്ലകളിലെല്ലാം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളുന്നയിച്ച് വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ നിരാഹാരസമരം നടന്നു. അതില്‍ ഏറ്റവും ദീര്‍ഘമായി നിരാഹാരമിരുന്നത് സിസ്റ്റര്‍ ഫിലമിന്‍ മേരിയാണ്-28 ദിവസം. സിസ്റ്റര്‍ മേഴ്‌സി കൂട്ടിയാനി, സി. ആലീസ്, സി. വത്സ, സി. പാട്രീഷ്യാ കൂടാതെ ഫാ. ജോസ് കളീക്കല്‍ ഫാ. തോമസ് കോച്ചേരി, ഫാ. അലോഷ്യസ് ഡി. ഫെര്‍ണാണ്ടസ്, ഫാ. ഡൊമിനിക് ജോര്‍ജ് മുതലായവരും നിരാഹാരസമരത്തിനു നേതൃത്വം കൊടുത്തവരില്‍ ഉള്‍പ്പെടുന്നു.
മത്സ്യത്തൊഴിലാളി മേഖലയില്‍ ഒരു പുതിയ നേതൃനിരതന്നെ ഇക്കാലയളവില്‍ രൂപംകൊണ്ടു. സര്‍വശ്രീ. ജോയിച്ചന്‍ ആന്റണി, എ. ആന്‍ഡ്രൂസ്, ലാല്‍ കോയിപ്പറമ്പില്‍, കെ. ജി. സെലസ്റ്റിന്‍, യൂജിന്‍ കുലാസ്, ഏലിയാമ്മ വിജയന്‍, നളിനി നായക്, മേഴ്‌സി അലക്‌സാണ്ടര്‍ മുതലായവര്‍ പുതിയ ജനനേതാക്കളായി ഉയര്‍ന്നുവന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളിസമൂഹം വലിയൊരളവോളം ശാക്തീകരിക്കപ്പെട്ടു.
 
വിമോചന ദൈവശാസ്ത്രത്തെ എതിര്‍ത്ത് പരമ്പരാഗത തൊഴില്‍മേഖലകളിലുള്ളവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തടയിടാന്‍ കത്തോലിക്ക സഭാധികാരം വളരെയേറെ പരിശ്രമിക്കുകയുണ്ടായി. സമരങ്ങള്‍ക്കും നിരാഹാരസത്യഗ്രഹത്തിനും നേതൃത്വം നല്‍കിയ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ സര്‍ക്കുലര്‍ ഇറക്കുകയും അവര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും പലരെയും സ്ഥലം മാറ്റുകയും ശാസിക്കുകയും ചെയ്തു. വിമോചനദൈവശാസ്ത്രത്തെ വിമര്‍ശിച്ച് വത്തിക്കാനിറക്കിയ ആധികാരിക രേഖ ഉടന്‍ തര്‍ജ്ജമ ചെയ്ത് കേരളമാകെ വിതരണം ചെയ്തു. ഫാ. ആല്‍ബര്‍ട്ട് പരശുവിള, ഫാ. പോള്‍ അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 'ലത്തീന്‍ കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്‍' എന്ന പേരില്‍ ഒരു പ്രസ്ഥാനം സൃഷ്ടിച്ച് അവരുടെയിടയില്‍ വിള്ളലുകളുണ്ടാക്കാന്‍ നോക്കി. രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുപയോഗിച്ചും ഭിന്നിപ്പിക്കല്‍ പരിശ്രമങ്ങളുണ്ടായി. അതൊന്നും അക്കാലയളവില്‍ കാര്യമായി ഫലിക്കുകയുണ്ടായില്ല. പക്ഷേ, പിന്നെപ്പിന്നെ, വിമോചനദൈവശാസ്ത്രപ്രസ്ഥാനങ്ങള്‍ ദുര്‍ബലമാകുകയും അതു ജനങ്ങളിലുയര്‍ത്തിയ പ്രത്യാശയുടെ അലകള്‍ അമര്‍ന്നടങ്ങുകയും ചെയ്തതോടെ, പുരോഗനമുഖമുള്ള വൈദികരിലൂടെ, സഭാധികാരത്തിന് ഈ ജനവിഭാഗങ്ങളുടെമേലുള്ള സ്വാധീനം കുറെയൊക്കെ തിരിച്ചു പിടിക്കാന്‍ കഴിയുകയുണ്ടായി.
 
വിമോചനദൈവശാസ്ത്ത്രിന്റെയും അതു ജന്മംനല്‍കിയ പ്രസ്ഥാനങ്ങളുടെയും പതനം മുഖ്യമായും, മാര്‍ക്‌സിയന്‍ ദര്‍ശനത്തോടുള്ള അതിന്റെ ആശ്രിതത്വം കൊണ്ടായിരുന്നു എന്നു വിലയിരുത്താമെന്നു തോന്നുന്നു. ദരിദ്രരുടെ പക്ഷത്തുനിന്നുള്ള ബൈബിള്‍ പുനര്‍വായനയെന്നു പറഞ്ഞു നടത്തിയതിലധികവും, ദരിദ്രരുടെ വിമോചനപ്രത്യയശാസ്ത്രമെന്നറിയപ്പെടുന്ന മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ വെളിച്ചത്തിലുള്ള ബൈബിള്‍ പുനര്‍വായനയും വ്യാഖ്യാനവുമായിരുന്നു എന്നതൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് റഷ്യയുടെയും മറ്റും തകര്‍ചയോടെ വിമോചനദൈവശാസ്ത്രത്തിനും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട പ്രസ്ഥാനങ്ങള്‍ക്കും പിടിച്ചുനില്ക്കാനാകാതെ വന്നിരിക്കണം.
യേശുവിന്റെ സമഗ്രമായ വിമോചനദര്‍ശനത്തെ, വിമോചനത്തിന്റേതായ വെറുമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ചുരുക്കി അവതരിപ്പിക്കുന്നതിലെ അപാകത ശ്രീ. ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ളവര്‍ നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മുതലാളിത്ത സാമൂഹികഘടനയെക്കാള്‍ അനീതി നിറഞ്ഞ സഭയുടെ സമഗ്രാധിപത്യരാജകീയ ഘടനയെയല്ലേ വിമോചനദൈവശാസ്ത്രം ആദ്യമേ ചെറുക്കേണ്ടത് എന്നൊരു ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, മാര്‍ക്‌സിയന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ സ്പര്‍ശിക്കാന്‍പോലും കഴിയാതെയിരുന്ന, അല്ലെങ്കില്‍ പ്രത്യയശാസ്ത്രശാഠ്യംമൂലം അവയെല്ലാം അവഗണിച്ചുതള്ളിയിരുന്ന, പല ജീവിതമേഖലകളെയും പ്രശ്‌നങ്ങളെയും വിമോചനദൈവശാസ്ത്രപ്രസ്ഥാനങ്ങള്‍ തൊട്ടുണര്‍ത്തിഎന്ന കാര്യം വിസ്മരിക്കാനാവില്ല. അന്ധമായ വികസനപ്രക്രിയകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുറന്നുകാട്ടാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. പുതിയ ധാരാളം പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ വ്യക്തമായ കാഴ്ചപ്പാടോടെ കേരളത്തില്‍ ഉദയംകൊള്ളാന്‍ അവ പരോക്ഷമായെങ്കിലും പ്രചോദനമായിട്ടുണ്ട്. അതുപോലെതന്നെ, മാര്‍ക്‌സിയന്‍ വര്‍ഗവീക്ഷണത്തില്‍ ഇടംകിട്ടാതിരുന്ന വിവിധ അധഃസ്ഥിതജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയുംമറ്റും വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടി പിന്നീടു രൂപംകൊണ്ട പലപ്രസ്ഥാനങ്ങള്‍ക്കും വിമോചനദൈവശാസ്ത്രപ്രസ്ഥാനങ്ങളോട് കടപ്പാടുണ്ട്. സഭയ്ക്കുള്ളില്‍ത്തന്നെയും വിമര്‍ശനത്തിന്റേതായ ഒരുചിന്താധാരയും പ്രവര്‍ത്തനപന്ഥാവും തുറന്നുകിട്ടിയതിലും വിമോചനദൈവശാസ്ത്രത്തിനു പങ്കുണ്ട്, പ്രത്യേകിച്ച് തീരദേശത്തിനു പുറത്ത്.
'വിമോചനവേദി' മുതല്‍
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വരെ
 
വിമോചനദൈവശാസ്ത്രത്തിന്റെ കാറ്റ് തീരപ്രദേശത്തു മാത്രമായിരുന്നില്ല വീശിയത്. തൃശൂരിലും പാലായിലും കോട്ടയത്തും ചങ്ങനാശ്ശേരിയിലും അതിന്റെ അലയടികളുണ്ടായി. അതിലേറ്റവും ശക്തമായിരുന്നത് കോട്ടയം ആസ്ഥാനമായി രൂപംകൊണ്ട C. S. I. മദ്ധ്യകേരള മഹാഇടവകയിലെ 'ജനകീയവിമോചന വിശ്വാസപ്രസ്ഥാന'മാണ്. C. S. I. സഭയിലെ ദളിത് ജനവിഭാഗത്തെ ശക്തീകരിക്കാനും സഭയില്‍ ഒരു തിരുത്തല്‍ശക്തിയായി നിലകൊള്ളാനും ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു. നേതൃത്വസ്ഥാനീയരായി വളരെപ്പേരുണ്ടായിരുന്ന ഈ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശ്രീ. കെ. ജെ ജേക്കബ് ആയിരുന്നു. അതിന്റെ കുടക്കീഴി ലെന്നപോലെ, ശ്രീ. മാത്യു എം. ജോണിന്റെ നേതൃത്വത്തില്‍ 'C. S. I. യുവജനപ്രസ്ഥാനം' രൂപംകൊണ്ടു. റവ. കെ. ജെ. ജോണ്‍ നേതൃത്വം കൊടുത്ത 'Socio-Economic Development Society' (S. E. D. S.) ശ്രീ. സൈമണ്‍ ജോണിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 'Backward People's Development Corporation' (B. P. D. C.) എന്നീ സ്ഥാപനങ്ങളും ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി ഈ കാലഘട്ടത്തില്‍ രൂപംകൊള്ളുകയുണ്ടായി.
വിമോചനവേദി എന്ന പേരില്‍ തൃശൂരിലും പാലായിലും ചങ്ങനാശ്ശേരിയിലും പ്രവര്‍ത്തിച്ചിരുന്ന കത്തോലിക്കരുടെ പ്രസ്ഥാനം സഭയ്ക്കുള്ളിലെ ഒരു തിരുത്തല്‍ശക്തിയായിട്ടായിരുന്നു വര്‍ത്തിച്ചത്. തൃശൂരില്‍ ശ്രീ. ജോര്‍ജ് ജോസഫ് കോയിക്കരയും, പാലായില്‍ പ്രഫ. പി. സി. ദേവസ്യാ, ശ്രീ. ബേബി ജോണ്‍ മുതലായവരും, ചങ്ങനാശ്ശേരിയില്‍     ശ്രീ. പി. ജെ. ജോസഫ് പാലത്തിങ്കലും അതിനു നേതൃത്വം കൊടുത്തു. തൃശൂരില്‍ കുറെ വൈദികരും ഈ പ്രസ്ഥാനത്തിന് അനുഭാവികളായുണ്ടായിരുന്നു.
 
ഇതില്‍ പാലാ വിഭാഗത്തിന്റെ നേതൃത്വത്തില്‍, മറ്റു സഭാവിഭാഗങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്, 1988 ഏപ്രില്‍ 14-ന് അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ കോണ്‍ഫ്രന്‍സ് (C. B. C. I.) വേദിയായിരുന്ന വടവാതൂര്‍ സെമിനാരിയിലേക്ക് ഒരു പ്രകടനം സംഘടിപ്പിക്കുകയുണ്ടായി. സഭയിലെ പുരോഹിതനിയന്ത്രണത്തിലുള്ള കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സംവിധാനവും ദളിത് ക്രൈസ്തവരെ അവഗണിക്കുന്ന സഭാനിലപാടും തിരുത്തണമെന്നാവശ്യപ്പെട്ടു തയ്യാറാക്കിയ ഒരു നിവേദനം C. B. C. I. യ്ക്കു സമര്‍പ്പിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ പ്ലാക്കാര്‍ഡുകളുമേന്തി പ്രകടനമായി സെമിനാരിയിലേക്കു നീങ്ങി. സെമിനാരി അങ്കണത്തിലെത്തി ബൈബിള്‍ വായനയോടെ പ്രാര്‍ഥനയാരംഭിച്ച ഉടനെ ജീപ്പുകളില്‍ പോലീസുകാരെത്തി അവരെയെല്ലാം സെമിനാരി ഗേറ്റിനു പുറത്താക്കി. വിവിധ ക്രൈസ്തവസംഘടനകളുടെ പ്രതിനിധികളായിരുന്ന പ്രകടനക്കാര്‍ ആ ഗേറ്റിനു മുമ്പില്‍ത്തന്നെ പ്രതിഷേധയോഗം നടത്തുകയും, തുടര്‍ന്നു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 'ക്രൈസ്തവ ഐക്യവേദി' എന്ന പേരില്‍ വിവിധ സഭാസംഘടനകളുടെ ഒരു ഏകോപനവേദി ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ കണ്‍വീനറായി രൂപീകരിക്കുകയും ചെയ്തു.
 
സഭകള്‍ക്കുള്ളില്‍ നടത്തേണ്ട പരിവര്‍ത്തനപ്രവര്‍ത്തനങ്ങളെക്കുറിച്ച്, ക്രൈസ്തവ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നു. ഇതിനിടെ, ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക മെത്രാന്മാര്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ്, അതിനു തലേന്നുതന്നെ, 'ആദ്യം ദളിത്‌കൈസ്തവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ സംവരണം നല്‍കുക' എന്ന മുദ്രാവാക്യമുയര്‍ത്തി പാലാ ബിഷപ്‌സ് ഹൗസിനുമുമ്പില്‍ 30-ഓളം 'ക്രൈസ്തവ ഐക്യവേദി' പ്രവര്‍ത്തകര്‍ ഒരു പ്രാര്‍ഥനാധര്‍ണ നടത്തുകയുണ്ടായി. സഭാധികാരത്തെ ഞെട്ടിച്ചുകളഞ്ഞ ഈ പരിപാടിക്ക് വിമോചനവേദിയിലെ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍, ശ്രീ. കെ. ജെ. ജോണ്‍ കൊച്ചെട്ടൊന്നില്‍ എന്നിവരെക്കൂടാതെ 'ജനകീയവിമോചനവിശ്വാസപ്രസ്ഥാനവു'മായി ബന്ധപ്പെട്ടുള്ള സംഘടനകളില്‍പ്പെട്ട റവ. കെ. ജെ. ജോണ്‍, ശ്രീ. കെ. ജെ. ജേക്കബ്, ശ്രീ. കെ. ഐ. അബ്രാഹം എന്നിവര്‍ നേതൃത്വം കൊടുത്തു.
 
ഈ പരിപാടിയില്‍, കത്തോലിക്കേതരപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരായിരുന്നു അധികവുമെന്നത് വിമോചനവേദി പ്രവര്‍ത്തകരെ ഇരുത്തി ചിന്തിപ്പിക്കുകയുണ്ടായി. കത്തോലിക്കസഭയിലെ ഏതു പ്രതികരണപരിപാടിക്കും മറ്റു സഭകളിലെ വിമോചനപ്രവര്‍ത്തകരെ കൂട്ടുചേര്‍ക്കേണ്ട അവസ്ഥ, കത്തോലിക്കസഭയിലെ വിമോചനചിന്താധാരയുടെ ദൗര്‍ബല്യമാണു വിളിച്ചോതുന്നതെന്ന് അവര്‍ മനസ്സിലാക്കി. കത്തോലിക്കസഭയില്‍ത്തന്നെ ശക്തമായ സ്വതന്ത്രസംഘടനകളുണ്ടാകേണ്ടതിനെക്കുറിച്ച് 'ക്രൈസ്തവ ഐക്യവേദി'യിലെ ഘടകസംഘടനകളിലും അഭിപ്രായമുയര്‍ന്നിരുന്നു.
 
ഈ സാഹചര്യത്തിലാണ് കാണക്കാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന വികാസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍വച്ച്, ക്രൈസ്തവ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍, 1990 ജൂലൈ മാസത്തില്‍ ഒരു ചര്‍ച്ചാസമ്മേളനം നടത്തപ്പെട്ടത്. അവിടെ പ്രോഗ്രാം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ 'കത്തോലിക്കസഭയില്‍ ഒരു നവീകരണപ്രസ്ഥാനത്തിന്റെ പ്രസക്തി' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അതില്‍ കത്തോലിക്കസഭയില്‍ സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്ന ആധ്യാ ത്മികശൂന്യതയെയും അതിനു കാരണമായിരിക്കുന്ന മതജീര്‍ണത യെയുംപറ്റിയുള്ള അവബോധം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോ ലിക്കസഭയില്‍ മതചൈതന്യത്തിന്റെതായ ഒരു ചെറുതിരി കൊളുത്തേ ണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ് എന്നും, ക്രിസ്തീയമായ അടിയു റപ്പും സ്ഥൈര്യവുമുള്ള ഒരു വിശ്വാസപ്രസ്ഥാനത്തിന് കേരള കത്തോ ലിക്കസഭയില്‍ വളരെയേറെ പ്രസക്തിയും സാധ്യതയുമുണ്ട് എന്നും, അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി. തുടര്‍ന്ന്, ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ്, കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം (Kerala Catholic Church Reformation movement-KCRM) ജന്മംകൊള്ളുന്നത്.  അതില്‍വച്ച്, ശ്രീ. കെ. ജെ. ജോണ്‍ കൊച്ചെട്ടൊന്നില്‍ ചെയര്‍മാനും ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അധികം താമസിയാതെ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, പാലായിലുണ്ടായിരുന്ന ഓശാന ഹാളില്‍, ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ സഹകരണത്തോടെ പ്രതിമാസ ചര്‍ച്ചാക്ലാസ്സുകള്‍ ആരംഭിച്ചു. കൂടാതെ, 2011 നവംബര്‍ മുതല്‍ 'അല്‍മായശബ്ദം' എന്ന പേരില്‍ ഒരു ബ്ലോഗും, 2012 ജനുവരി മുതല്‍ 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസികയും ഈ പ്രസ്ഥാനം സമാരംഭിച്ചിട്ടുണ്ട്.
 
സഭാധികാരികളുടെ പ്രത്യക്ഷത്തിലുള്ള പ്രതികരണം മൗനവും നിഷ്‌ക്രിയത്വവും മാത്രമായിരുന്നെങ്കിലും അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. അതിനിടയില്‍ ആരുമറിയാതെ കേരളത്തിലെ സീറോ മലബാര്‍ സഭയെ, കല്ദായസഭയുടെ പുത്രീസഭയാണെന്ന വാദമുന്നയിച്ച് കല്ദായവല്‍ക്കരിക്കാനും കുര്‍ബാനക്രമത്തിന്റെ പേരില്‍ വിശ്വാസികള്‍ ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും പൗരസ്ത്യകാനോന്‍നിയമം നടപ്പാക്കാനും ഒക്കെ സഭാധികാരം സമര്‍ഥമായി കരുക്കള്‍ നീക്കി. ഈ സാഹചര്യത്തില്‍, 1991-ല്‍, സീറോ മലബാര്‍ സഭയില്‍ പൗരസ്ത്യകാനോന്‍നിയമം അടിച്ചേല്പ്പിക്കാന്‍ പോകുന്നു എന്നറിഞ്ഞ് അതിനെതിരെ ആദ്യമായി കോടതിയെ സമീപിച്ചത് കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനമായിരുന്നു.
 
ക്രിസ്തുവിരുദ്ധവും അധികാരപ്രമത്തവുമായ ഒരു നൈയാമികഇരുമ്പുകവചത്തിനുള്ളിലേക്കു ദൈവജനത്തെ മെരുക്കിയൊതുക്കുന്ന ആധികാരികസഭാവീക്ഷണം ഒരു വശത്തും, അതില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ മറുവശത്തുമായി നടക്കുന്ന ആശയസംഘട്ടനമാണ് ഇന്ന് ഈ സഭയില്‍ നടന്നുവരുന്നത്. ഇതില്‍ ആദ്യത്തേതിനു സഭാധികാരത്തിന്റെ ശക്തിയുടെയും തണലിന്റെയും ആകര്‍ഷണമുണ്ടാകും. രണ്ടാമത്തേതിന് സുവിശേഷത്തിന്റെ ചൈതന്യം മാത്രമാണുള്ളത്. ഈ ചൈതന്യത്തില്‍നിന്നും ശക്തി സംഭരിച്ചുകൊണ്ട്, എളിയ രീതികളില്‍, സഭയെ നവീകരണപാതയിലേക്കു നയിക്കാന്‍ കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം പരിശ്രമിച്ചുവരുന്നു.  യശശ്ശരീരരായ റവ. ഫാ. അല്‍ഫോന്‍സ് കദളിയില്‍ ഒ. എഫ്. എം. കപ്പൂച്ചിന്‍, സര്‍വശ്രീ സി. റ്റി. തൊമ്മന്‍ ചെറുകര, കെ. ജെ. ജോണ്‍ കൊച്ചെട്ടൊന്നില്‍, തൊമ്മന്‍ വാളിപ്ലാക്കല്‍, സക്കറിയാസ് മടലിയാങ്കല്‍, മാത്യു പാലപ്പുഴപ്പുളിക്കല്‍, മാത്യു തകിടിയേല്‍, മത്തായി ചിറയ്ക്കല്‍, മുതലായവര്‍ പ്രായവും അനാരാഗ്യവും വിസ്മരിച്ച് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. സര്‍വശ്രീ പി. ജെ. സെബാസ്റ്റ്യന്‍ പുള്ളോലില്‍, ചാക്കോ വേഴമ്പശ്ശേരില്‍, എന്‍. എഫ്. ആന്റണി നെടുംപുറം, ഐ. സി. ഇട്ടിയവിരാ ഐപ്പന്‍പറമ്പില്‍കുന്നേല്‍, കെ. യു. ദേവസ്യാ കല്ലറയ്ക്കല്‍, മാമ്മച്ചന്‍ കവിയില്‍, മാമ്മച്ചന്‍ മുതലക്കുഴി, തോമസ് പെരുമ്പള്ളി, ജോസ് തെങ്ങുമ്പള്ളി, ജയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍, ജോര്‍ജ് എലിവാലുങ്കല്‍, ജോര്‍ജ് കുര്യന്‍ തടവനാല്‍, പി. റ്റി. തോമസ് പട്ടാംകുളം, പി. എം. ജോസഫ് പൂവത്തുങ്കല്‍, മാത്യു പൂവത്തോലില്‍ മുതലായവരും ആദ്യം മുതലുള്ള പ്രവര്‍ത്തകരാണ്.
 
ചര്‍ച്ചായോഗങ്ങളും ആനുകാലികവിഷയങ്ങളില്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള ലഘുലേഖകളും മറ്റു പ്രചാരണപരിപാടികളുമായി കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം ഇന്നും സജീവമായി ത്തന്നെ പ്രവര്‍ത്തിച്ചുവരുന്നു.
 
ആദ്യ ചെയര്‍മാന്‍ ശ്രീ. കെ. ജെ. ജോണ്‍ കൊച്ചെട്ടൊന്നിലിന്റെ നിര്യാണത്തെത്തുടര്‍ന്ന് ശ്രീ. സി.റ്റി. തൊമ്മന്‍ ചെറുകര ദീര്‍ഘകാലം ചെയര്‍ മാനായിരുന്നു. തുടര്‍ന്ന്, ശ്രീ. മാത്യു എം. തറക്കുന്നേല്‍ ആ സ്ഥാനം ഏറ്റെടുത്തു. ഇപ്പോള്‍ ശ്രീ. ജോര്‍ജ് ജോസഫ് കാട്ടേക്കരയാണ് ചെയര്‍മാന്‍. ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ സത്യജ്വാലയുടെ എഡിറ്റിംഗ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആ സ്ഥാനത്തുനിന്നു പിന്മാറുകയും 2012 ജൂണ്‍ 30 മുതല്‍ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ നിയോഗിതനാകുകയും ചെയ്തു. ഇപ്പോള്‍ ഇതൊരു രജിസ്‌ട്രേഡ് സംഘടനയാണ്.
KCRM ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ സമാന ആശയങ്ങളോടെ കോഴിക്കോട് കൂടരഞ്ഞിയില്‍ 'കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്‍' എന്ന പേരിലും പാലക്കാട് 'ആള്‍ ഇന്‍ഡ്യാ കാത്തലിക്ക് അസോസിയേഷന്‍' എന്ന പേരിലും ഓരോ സംഘടന പ്രവര്‍ത്തിച്ചു തുടങ്ങുകയുണ്ടായി.
'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി'യും
അനുബന്ധപ്രസ്ഥാനങ്ങളും
 
1980-കളില്‍ സീറോ മലബാര്‍ സഭയില്‍ പുതിയൊരു പ്രതിസന്ധി രൂപംകൊണ്ടു. ഈ സഭയുടേത് കല്‍ദായസഭയുടെ പാരമ്പര്യമാണെന്നു സ്ഥാപിക്കാന്‍ പൗരസ്ത്യസംഘം എന്ന വത്തിക്കാന്‍ കാര്യാലയം നടത്തിയ രാഷ്ട്രീയ കരുനീക്കമായിരുന്നു പ്രശ്‌നം സൃഷ്ടിച്ചത്. മാര്‍ ജോസഫ് പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പൗരസ്ത്യസംഘത്തിന്റെ കല്‍ദായവല്‍ക്കരണവാദം  ഈ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ജന്മംകൊണ്ട കല്‍ദായസഭയുടെ പുത്രീസഭയാണ് കേരളസഭ എന്ന വാദം അംഗീകരിക്കാന്‍ ഭൂരിപക്ഷം മെത്രാന്മാരും വൈദികസമൂഹവും വിശ്വാസികളും തയ്യാറായില്ല. പൗരസ്ത്യദേശത്തെ സഭകള്‍ക്ക് അവരുടെ പൗരാണികപാരമ്പര്യങ്ങള്‍ വീണ്ടെടുക്കാം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശത്തിന്റെ മറപിടിച്ച്, ഈ സഭയില്‍ കല്‍ദായ കുര്‍ബാനക്രമം അടിച്ചേല്പിക്കാനുള്ള കല്‍ദായപക്ഷത്തിന്റെയും പൗരസ്ത്യസംഘത്തിന്റെയും നീക്കത്തിനെതിരെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം മെത്രാന്മാരും വൈദികരും വിശ്വാസികളും അണിനിരന്നു. എങ്കിലും, 1986-ല്‍ കേരളം സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെക്കൊണ്ട് കോട്ടയത്ത് 'പാപ്പാവേദി'യില്‍ കല്‍ദായക്രമമനുസരിച്ചുള്ള കുര്‍ബാന ചൊല്ലിച്ച് കല്‍ദായവാദത്തിന് ആധികാരിക പരിവേഷം നല്കാന്‍ കല്‍ദായപക്ഷത്തിനു കഴിഞ്ഞു. തുടര്‍ന്ന,് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ടും അനുനയതന്ത്രങ്ങളിലൂടെയും, പൗരസ്ത്യസംഘത്തിന്റെ ഒത്താശയില്‍,  വത്തിക്കാന്‍ കല്‍ദായ കുര്‍ബാനക്രമം സീറോ മലബാര്‍ സഭയില്‍ നടപ്പാക്കി.
 
ഈ കല്‍ദായവല്‍ക്കരണ നീക്കത്തിനെതിരെ ശക്തമായി പൊരുതാന്‍ രൂപംകൊണ്ട പ്രസ്ഥാനമാണ്, 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി' (L. A. C.). സീറോ മലബാര്‍ സഭയ്ക്കുവേണ്ടി തയ്യാറാക്കിയ കല്‍ദായ കുര്‍ബാനക്രമത്തിന്റെ ടെക്സ്റ്റ് വിശദമായ പഠനത്തിനു വിധേയമാക്കിയ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ അതില്‍ വന്നിട്ടുള്ള അനവധിയായ ദൈവശാസ്ത്രപ്രശ്‌നങ്ങളും വൈരുധ്യങ്ങളും ഭാഷാവൈകല്യങ്ങളുമെല്ലാം ഓശാനയിലൂടെ തുറന്നു കാട്ടിയതോടെ, അതിന്റെകൂടി പിന്‍ബലത്തില്‍, ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി സഭയില്‍ അതിശക്തമായ ഒരു പ്രസ്ഥാനമായി മാറി. പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ പ്രൊഫ. പി. ടി. ചാക്കോ ആയിരുന്നു ചെയര്‍മാന്‍. ഫാ. തോമസ് ചെട്ടിപ്പറമ്പില്‍, ഫാ. ജോസ് പോള്‍ നെല്ലിശ്ശേരി, ഫാ. ജോര്‍ജ്ജ് കുഴിപ്പറമ്പില്‍, ഫാ. തോമസ് കൊടിയന്‍, ഫാ. ആബേല്‍, ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. മാത്യു കാട്ടടി, ഫാ. ജോണ്‍ വലിയമറ്റം, ഫാ. ജോസ് വയലിക്കോടത്ത്, ഫാ. ഫ്രാന്‍സിസ് കരിപ്പേരി എന്നിങ്ങനെ അനവധി വൈദികരും പ്രഫ. റ്റി. ജെ. മത്തായി, അഡ്വ. സി. വി. ജോസഫ്, ശ്രീ. ജെയിംസ് ഐസക് കുടമാളൂര്‍, പി. കെ. മാത്യു പഴയമ്പള്ളില്‍, പി. ടി. തോമസ് പാറമ്പുഴ, ജോസ് മാളിയേക്കല്‍, ഇ. കെ. പോള്‍, ടി. കെ. ജോസഫ്, എന്നിങ്ങനെ നിരവധിയായ അല്മായപ്രമുഖരും അതിന്റെ ശക്തരായ സാരഥികളായി. ഫാ. ജോര്‍ജ് കുഴിപ്പറമ്പലിന്റെ നേതൃത്വത്തില്‍ ശ്രീ. ജെയിംസ് ഐസക് കുടമാളൂര്‍ പത്രാധിപരായി 'നസ്രാണിദീപം' എന്ന പേരില്‍ ഒരു മാസികയും L. A. C.-യ്ക്കുണ്ടായി. സമുദായത്തിലെ മഹാരഥന്മാരായ പ്രഫ. കെ. എം. ചാണ്ടിയും ഡോ. എം. വി. പൈലിയും ഡോ. സ്‌കറിയാ സക്കറിയയും പ്രഫ. എന്‍. എം. ജോസഫും ശ്രീ. ജോസഫ് പുലിക്കുന്നേലും മറ്റും എല്ലാവിധ പിന്തുണയുമായി ഈ പ്രസ്ഥാനത്തിന്റെ പിന്നിലും മുമ്പിലും ഉണ്ടായിരുന്നു.
 
ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഭയുടെ കല്‍ദായവല്‍ക്കരണത്തിനെതിരെ വിശ്വാസിസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്, കേരളത്തിലുടനീളം സെമിനാറുകളും പൊതുസമ്മേളനങ്ങളും നടത്തുകയുണ്ടായി. അവയില്‍ മിക്കതിനും ഡോ. എം. വി. പൈലിയോ  പ്രഫ. കെ. എം. ചാണ്ടിയോ പ്രഫ. പി. ടി. ചാക്കോയോ അധ്യക്ഷ്യം വഹിച്ചു. ഒരു ഘട്ടത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍, ഫാ. ഫ്രാന്‍സിസ് കരിപ്പേരി, ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍, ഫാ. തോമസ് കൊടിയന്‍ എന്നിവരടങ്ങിയ ഒരു ടീമിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട്, പാലാ, അരുവിത്തുറ, രാമപുരം, അതിരമ്പുഴ മുതലായ കത്തോലിക്ക കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളുടെ ഒരു പരമ്പരതന്നെ നടത്തി. എറണാകുളം, തൃശൂര്‍, മലബാര്‍ പ്രദേശങ്ങളിലും ഇതേതരത്തിലുള്ള ധാരാളം സമ്മേളനങ്ങള്‍ നടന്നു.
 
ഇതിന്റെയെല്ലാം ഫലമായി, സഭയുടെ കല്‍ദായവല്‍ക്കരണത്തിനെതിരായും ഭാരതവല്‍ക്കരണത്തിനനുകൂലമായുമുള്ള ചിന്ത ഈ സഭയില്‍ ശക്തമാവുകയും പുതിയ പല സംഘടനകളും രൂപംകൊള്ളുകയും ചെയ്തു. 'മലബാര്‍ ചര്‍ച്ച് ആക്ഷന്‍ കമ്മിറ്റി' (M. C. A. C.), 'നസ്രാണി കത്തോലിക്ക പ്രീസ്റ്റ്‌സ് കോണ്‍ഫറന്‍സ്', 'കത്തോലിക്കപ്രീസ്റ്റ്‌സ് കോണ്‍ഫറന്‍സ്-കോതമംഗലം', 'നസ്രാണി കത്തോലിക്ക ലിബറേഷന്‍ ഫ്രണ്ട്', 'യൂത്ത് ഫോര്‍ ജീസസ്' എന്നീ സംഘടനകള്‍ അവയില്‍ ചിലതുമാത്രം. ഇവയും, മുമ്പുതന്നെ ശ്രീ. എം. എല്‍. ജോര്‍ജ് മാളിയേക്കലിന്റെയും എം. എ. ജോസഫ് മണിമലത്തറപ്പിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ രൂപംകൊണ്ടിരുന്ന കാത്തലിക്ക് ലേമെന്‍സ് അസോസിയേഷനും, പാലക്കാട്ട് രൂപംകൊണ്ടിരുന്ന ഓള്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷനും (A. I. C. A.), പാലായിലെ കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനവുമെല്ലാം തനതായും കൂട്ടുചേര്‍ന്നും കല്‍ദായവല്‍ക്കരണത്തിനെതിരെ ധാരാളം സെമിനാറുകളും സമ്മേളനങ്ങളും അക്കാലഘട്ടത്തില്‍ നടത്തുകയുണ്ടായി. ഇതില്‍ കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം കല്‍ദായവല്‍ക്കരണത്തിന്റെ പിന്നില്‍ പൗരസ്ത്യസംഘത്തിനുള്ള യഥാര്‍ഥ ലക്ഷ്യമെന്തെന്നു വിശദീകരിച്ച് പാലാ രൂപതയിലുള്ള കുറവിലങ്ങാട്, പാലാ, അരുവിത്തുറ, ഭരണങ്ങാനം, തീക്കോയി മുതലായ ടൗണുകളില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ മുഖ്യപ്രഭാഷകനായി പൊതുസമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണമനുസരിച്ച,് സഭയുടെതന്നെ നിര്‍വചനപ്രകാരം പൗരസ്ത്യസഭാവിഭാഗത്തില്‍പ്പെടാത്ത നസ്രാണിസഭയ്ക്ക് കല്‍ദായ മുഖം നല്കി, പൗരസ്ത്യസഭാമുദ്ര കുത്തുന്നത്, ഈ സഭയെ പൗരസ്ത്യസംഘത്തിന്റെയും പൗരസ്ത്യകാനോന്‍ നിയമത്തിന്റെയും കീഴില്‍ കൊണ്ടുവരാനാണ്.
 
കല്‍ദായ കുര്‍ബാനക്രമത്തോടൊപ്പം, അള്‍ത്താരയില്‍ ക്രൂശിതരൂപത്തിനുപകരം പ്രതിഷ്ഠിക്കാന്‍ 'മര്‍തോമാകുരിശ്' എന്ന പേരില്‍ ഒരു പേര്‍ഷ്യന്‍ കുരിശും കല്‍ദായപക്ഷം അവതരിപ്പിച്ചിരുന്നു. കൂടാതെ, 1991-ല്‍ അടിച്ചേല്പിച്ച പൗരസ്ത്യകാനോന്‍നിയമത്തെ അടിസ്ഥാനമാക്കി, പള്ളിയോഗത്തിന് എല്ലാ അധികാരവും നിഷേധിച്ചുള്ള പള്ളിയോഗനടപടിക്രമങ്ങളും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇവയ്‌ക്കെല്ലാമെതിരെയായിരുന്നു, ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെയും മുകളില്‍ പരാമര്‍ശിച്ച മുഴുവന്‍ സംഘടനകളുടെയും പ്രക്ഷോഭപരിപാടികള്‍.
 
പ്രക്ഷോഭപരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1998 മാര്‍ച്ച് 23, 24 തീയതികളില്‍ ഇടമറ്റം, ഓശാന മൗണ്ടില്‍ നേരത്തെ പരാമര്‍ശിച്ച ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളുടേയുമായി ഒരു 'നസ്രാണി നേതൃസമ്മേളനം' ചേരുകയുണ്ടായി. കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ  (C. P. C. I.)  പ്രതിനിധികളും ഇതില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍വച്ച് വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിനുമായി പ്രഫ. പി. ടി. ചാക്കോ ചെയര്‍മാനായും, ഫാ. തോമസ് കൊടിയന്‍, ശ്രീ. സി. ടി. തൊമ്മന്‍ ചെറുകര എന്നിവര്‍ കണ്‍വീനര്‍മാരായും ശ്രീ. മാത്യു ജോസഫ് കുരുവിനാക്കുന്നേല്‍ ട്രഷററായും 'നസ്രാണികത്തോലിക്കാ പൈതൃകസംരക്ഷണസമിതി' എന്ന പേരില്‍ 29 പേരടങ്ങുന്ന ഒരു ഏകോപനസമിതിക്കു രൂപംകൊടുത്തു. കൂടാതെ, ആ വര്‍ഷം ദുക്‌റാനാദിനത്തില്‍ (1998 ജൂലൈ 3-ന്) നടപ്പാക്കാനിരുന്ന പള്ളിയോഗനടപടിക്രമവും മാര്‍തോമാകുരിശ് എന്ന വ്യാജനാമത്തില്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്ന മനിക്കേയന്‍ ചിഹ്നവും 1998 മെയ് 7-ന,് പരസ്യമായി കത്തിക്കാനും ('അഗ്നിദാഹം') ആ യോഗത്തില്‍ തീരുമാനിച്ചു.
 
എന്നാല്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ നേതാക്കളെ ക്ഷണിച്ചുവരുത്തി പ്രശ്‌നപരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുകൊടുത്തതിന്റെ പശ്ചാത്തലത്തില്‍, അഗ്നിദാഹ പരിപാടി തത്ക്കാലത്തേക്കു മാറ്റിവയ്ക്കുകയുണ്ടായി. നസ്രാണികത്തോലിക്ക പൈതൃകസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലുള്ള അഗ്നിദാഹ പരിപാടി മാറ്റിവെച്ചെങ്കിലും, സമിതിയുടെ ഭാഗമായിരുന്ന കൂടരഞ്ഞിയിലെ കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ 20 ദിവസത്തിനുശേഷം അതു നടപ്പാക്കുകതന്നെ ചെയ്തു. മെയ് 27-ന് 300 ലേറെപ്പേര്‍ താമരശ്ശേരി രൂപതാ ആസ്ഥാനത്തേക്ക് പ്രകടനമായി ചെന്ന് ബിഷപ്‌സ് ഹൗസിന്റെ അങ്കണത്തില്‍വച്ച് പള്ളിയോഗനടപടിക്രമങ്ങള്‍ കത്തിച്ചു. തുടര്‍ന്ന്, അസോസിയേഷന്‍ ജന. സെക്രട്ടറി ശ്രീ. എം. എല്‍. ജോര്‍ജ്, ഫാ. ഫ്രാന്‍സീസ് കരിപ്പേരി, ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍ മുതലായവര്‍ വിശദീകരണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.
 
പ്രശ്‌നപരിഹാരമൊന്നും കാണാഞ്ഞതിനെത്തുടര്‍ന്ന്, നസ്രാണി കത്തോലിക്ക പൈതൃകസംരക്ഷണസമിതിയുടെ അഗ്നിദാഹ പരിപാടിയും താമസിയാതെ നടന്നു. 1998 ജൂലൈ 3-ന് സീറോ മലബാര്‍ സഭയുടെ പുതിയ ആസ്ഥാനമന്ദിരമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിന്റെ ഉദ്ഘാടനവും പള്ളിയോഗനടപടിക്രമത്തിന്റെ ആധികാരിക പ്രഖ്യാപനവും നിശ്ചയിച്ചിരുന്നു. പള്ളിയോഗനടപടിക്രമം സീറോ മലബാര്‍ സഭയ്ക്കു ബാധകമാക്കിയുള്ള ആധികാരികപ്രഖ്യാപനം ആഘോഷമായി നടത്തിക്കൊണ്ടിരിക്കേ, മൗണ്ട് സെന്റ് തോമസിന്റെ അങ്കണത്തില്‍ നസ്രാണികത്തോലിക്ക പൈതൃകസംരക്ഷണസമിതി പ്രവര്‍ത്തകര്‍ പ്രഫ. ജോയി മൈക്കിള്‍ മൂക്കന്‍തോട്ടത്തിന്റെയും പ്രഫ. ടി. ജെ. മത്തായിയുടെയും മുഖ്യനേതൃത്വത്തില്‍ പ്രസ്തുത നടപടിക്രമഗ്രന്ഥവും ഒപ്പം, അതു സംബന്ധിച്ചു പുറപ്പെടുവിച്ചിരുന്ന മെത്രാന്മാരുടെ സംയുക്ത ഇടയലേഖനവും മാര്‍ പവ്വത്തിലിന്റെ സര്‍ക്കുലറും അഗ്നിക്കിരയാക്കി. തുടര്‍ന്ന,് തിങ്ങിക്കൂടിയ ജനങ്ങളോട് പ്രസിദ്ധ കരിസ്മാറ്റിക് പ്രസംഗകനായ ഫാ. ഫ്രാന്‍സിസ് കരിപ്പേരിയും ഫാ. ജോര്‍ജ് കുഴിപ്പറമ്പിലും ശ്രീ. എം. എല്‍. ജോര്‍ജും കാര്യങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു.
 
ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ മുഖ്യനേതൃത്വത്തില്‍ ഏതാണ്ട് 15 വര്‍ഷത്തിലേറെ നടന്ന കല്‍ദായവല്‍ക്കരണവിരുദ്ധപ്രക്ഷോഭ കാലഘട്ടത്തില്‍ സഭാ ആസ്ഥാനത്തേക്കും മെത്രാന്‍ സിനഡ്‌വേദികളിലേക്കുമൊക്കെ  പലവട്ടം പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട ഒന്ന്, മെത്രാന്‍ സിനഡ് നടന്നുകൊണ്ടിരിക്കെ 300-ഓളം വൈദികര്‍ നിവേദനസമര്‍പ്പണത്തിനായി POC - യില്‍ പ്രകടനമായെത്തിയ സംഭവമാണ്. നിവേദനം സ്വീകരിക്കാന്‍ സിനഡ് തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് പിരിഞ്ഞുപോകാതെ വൈദികരവിടെ കുത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മറ്റു മെത്രാന്മാരെ അനുനയിപ്പിച്ചതിനുശേഷം, നിവേദകസംഘത്തെ ഹാളിലേക്കു ക്ഷണിക്കുകയും സംസാരിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു. വൈദികസംഘത്തെ പ്രതിനിധീകരിച്ചു ഫാ. ജോണ്‍ വലിയമറ്റം നടത്തിയ ഉജ്ജ്വലമായ പ്രസംഗത്തില്‍, സഭാസമൂഹത്തിന്റെമേല്‍ അവര്‍ക്കന്യമായ നിയമങ്ങളുണ്ടാക്കി അടിച്ചേല്‍പ്പിക്കുന്ന സഭാസമ്പ്രദായം ക്രിസ്തുവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുകയും അംഗീകരിക്കില്ലെന്നു പ്രഖ്യാപിക്കുകയുമുണ്ടായി.
 
ഇങ്ങനെ ഒന്നര ദശാബ്ദത്തിലേറെക്കാലം അതിശക്തമായ രീതിയില്‍ കല്‍ദായവിരുദ്ധ യുദ്ധം നടത്തിയിട്ടും, വൈദികരും വിശ്വാസികളും ഒരു പുത്തനുണര്‍വോടെ സമരരംഗത്തിറങ്ങിയിട്ടും, പൗരസ്ത്യസംഘത്തിന്റെയും ഇവിടുത്തെ കല്‍ദായലോബിയുടെയും ഒത്തുകളിരാഷ്ട്രീയതന്ത്രങ്ങള്‍മൂലം, അതു വലിയ വിജയം കണ്ടെന്നു പറഞ്ഞുകൂടാ. ഇക്കാലയളവില്‍ ജനങ്ങളോട് മറുപടിയൊന്നും പറയാന്‍ നില്‍ക്കാതെ കൂടുതല്‍ കല്‍ദായപക്ഷക്കാരെ മെത്രാന്മാരായി വാഴിച്ച് കല്‍ദായ ലോബിയില്‍ എണ്ണം കൂട്ടുക എന്ന അടവാണ് അവര്‍ സ്വീകരിച്ചത്. അതുകൊണ്ട്, അവസാനം നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ കല്‍ദായവാദത്തിന്റേതായ ഒട്ടുവളരെ അംശങ്ങള്‍ അംഗീകരിക്കപ്പെട്ടു. കുര്‍ബാന അവിയല്‍ പരുവമായി. മാര്‍തോമാകുരിശും അള്‍ത്താരയില്‍ പ്രതിഷ്ഠിക്കാമെന്നു വന്നു. വിശ്വാസികളുടെ അവകാശങ്ങളെല്ലാമില്ലാതാക്കുന്ന പള്ളിയോഗനടപടിക്രമവും പൗരസ്ത്യകാനോന്‍ നിയമവും വള്ളിപുള്ളി മാറ്റമില്ലാതെ ഇന്നും തുടരുന്നുതാനും.
 
പുറകോട്ടുനോക്കി വിലയിരുത്തുന്നപക്ഷം, ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ മുഖ്യനേതൃത്വത്തില്‍ നടന്ന ധര്‍മസമരംകൊണ്ടുണ്ടായ പ്രകടമായ നേട്ടം കല്‍ദായ ലോബിക്ക് പൂര്‍ണമായും അടിയറവ് പറയാതെ കഴിഞ്ഞു എന്നതു മാത്രമാണ് എന്നു പറയേണ്ടിവരും. പക്ഷേ, പരോക്ഷമായ ധാരാളം നേട്ടങ്ങള്‍ അതുകൊണ്ട് ഈ സഭയ്ക്ക് ഉണ്ടായിട്ടുണ്ട്. കല്‍ദായവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്ന ഓരോ വിഭാഗത്തിന്റെയും താത്പര്യങ്ങള്‍ ഒതുങ്ങിനിന്നത് എവിടെവരെ എന്നു വിശ്വാസിസമൂഹത്തിന്, അതായത് സഭയ്ക്ക്, അനുഭവത്തിന്റെ വെളിച്ചത്തില്‍ത്തന്നെ ബോധ്യപ്പെടാന്‍ ഈ സമരമുഖം അവസരമായി. വിശ്വാസിസമൂഹത്തെയും അവരുടെ സംഘടനകളെയും സംബന്ധിച്ച് കല്‍ദായവല്‍ക്കരണം പൗരസ്ത്യകാനോന്‍നിയമത്തിന് കടന്നുവരാനുളള രാജപാതയൊരുക്കലായിരുന്നു. അതു തടയുന്നതുവഴി, പൗരസ്ത്യസഭയല്ലാത്ത ഈ സഭയ്ക്ക് പൗരസ്ത്യകാനോന്‍നിയമം ബാധകമല്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഭാരതീയമായ ഒരു ആരാധനക്രമത്തോടൊപ്പം സഭാഭരണ സംവിധാനങ്ങളുടെയും ഭാരതവത്കരണവും, അഥവാ നസ്രാണിവത്കരണവും, അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, സഭയുടെ ഭാരതവത്കരണത്തിനുവേണ്ടി നിലകൊളളുന്നുവെന്ന് ഭാവിച്ചിരുന്ന കല്‍ദായവിരുദ്ധ മെത്രാന്മാരെ സംബന്ധിച്ച് പ്രശ്‌നം കേവലം ആരാധനക്രമം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കല്‍ദായവാദവിരുദ്ധതയോടൊപ്പം യഥാര്‍ഥ ഭാരതവത്കരണത്തിനുവേണ്ടിക്കൂടി നസ്രാണികത്തോലിക്ക പൈതൃകസംരക്ഷണസമിതി എന്ന വിശാല മുന്നണി നീക്കമാരംഭിച്ചത് അവര്‍ക്കു ദഹിച്ചില്ല. ആദ്യം പ്രത്യക്ഷമായിത്തന്നെ കൂടെനിന്നിരുന്ന ഭൂരിപക്ഷം മെത്രാന്മാരും എതിരൊന്നും പ്രകടിപ്പിക്കാതെയാണെങ്കിലും പിന്‍വാങ്ങിത്തുടങ്ങി. രണ്ടു ചേരിയായിക്കഴിഞ്ഞിരുന്ന അവരെ സംബന്ധിച്ച് ആരാധനക്രമപ്രശ്‌നത്തില്‍ കല്‍ദായപക്ഷം വിജയിക്കരുതെന്നും സഭയുടെ നേതൃത്വം ആ ചേരിയുടെ കൈകളില്‍ എത്തരുതെന്നും മാത്രമായിരുന്നു ലക്ഷ്യമെന്നുവേണം അനുമാനിക്കാന്‍. അല്ലായിരുന്നെങ്കില്‍, ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ നസ്രാണിസഭാപാരമ്പര്യങ്ങള്‍ വീണ്ടെടുത്തുളള ഭാരതവത്കരണം ഒരു ചര്‍ച്ചാവിഷയമെങ്കിലും ആക്കാന്‍ അവര്‍ ശ്രമിച്ചേനേ.
 
ഇതിലുള്‍പ്പെട്ട വൈദികസമൂഹത്തിനും വിശാലമായ ലക്ഷ്യമൊന്നും പൊതുവേ ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. അന്തരിച്ച ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍, ഫാ. ജോണ്‍ വലിയമറ്റം, ഫാ. തോമസ് ചെട്ടിപ്പറമ്പില്‍ എന്നിങ്ങനെ ചുരുക്കം വൈദികര്‍ വളരെ വിശാലമായ കാഴ്ചപ്പാടുളളവരും സഭാസമൂഹത്തിനുവേണ്ടി ചിന്തിക്കുകയും അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നു. ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ മുഖപത്രമായ 'നസ്രാണി ദീപ'ത്തിന് ഇന്നു സാരഥ്യം വഹിക്കുന്ന ഫാ. ജോണ്‍ കൊച്ചുമുട്ടം, ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ എന്നിവരും ഫാ. തോമസ് കൊടിയനെപ്പോലെ ചുരുക്കം ചിലരും മാത്രമേ ആ ജനുസ്സില്‍പ്പെടുത്താവുന്ന വൈദികരായി ഈ പ്രസ്ഥാനത്തില്‍ കാണപ്പെടുന്നുള്ളു. അതായത്, ഈ പ്രസ്ഥാനത്തിന്റെ നേതൃതലത്തിലും അല്ലാതെയുമുണ്ടായിരുന്ന നൂറുകണക്കിന് വൈദികരി ലേറെയും തങ്ങളുടെ മെത്രാന്‍സംരക്ഷിത മാളങ്ങളിലേക്കു മടങ്ങി. ഇതെല്ലാം നീരിക്ഷിച്ചുകൊണ്ട് വിശ്വാസികളും അവരുടെ പ്രസ്ഥാനങ്ങളുംമാത്രം സമരമുഖത്ത് അവശേഷിച്ചു. അവരുടെ നിരീക്ഷണത്തില്‍ നിന്ന്, സഭ നേരിടുന്ന അടിസ്ഥാനപ്രശ്‌നം അന്വേഷിച്ചു കണ്ടെത്താനും പരിഹാരത്തിനായി പ്രവര്‍ത്തിക്കാനും മെത്രാന്മാരുടെയൊ വൈദികരുടെയോ നേതൃത്വത്തില്‍ സാധ്യമല്ല എന്ന ഒരു ഉള്‍ക്കാഴ്ച അവര്‍ക്കു ണ്ടാകുകയും ചെയ്തു. കല്‍ദായവിരുദ്ധ യുദ്ധംകൊണ്ട് പരോക്ഷമായുണ്ടായ ഏറ്റവും വലിയ നേട്ടവും അതുതന്നെ.
 
മറ്റൊരനുഭവത്തില്‍നിന്നു കൂടി ഇതേ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വിശ്വാസികളുടെ സ്വതന്ത്രപ്രസ്ഥാനങ്ങള്‍ക്കു കഴിയുകയുണ്ടായി. അക്കാര്യം സമര്‍ഥിക്കാനല്ലെങ്കില്‍ക്കൂടി, കത്തോലിക്കസഭയില്‍ ഉദയംകൊളളുകയും ജനങ്ങളില്‍ വളരെ പ്രതീക്ഷകളുയര്‍ത്തുകയും ചെയ്ത മറ്റൊരു പ്രസ്ഥാനത്തെക്കുറിച്ചുക്കൂടി, സഭയിലെ പ്രസ്ഥാനങ്ങളെക്കുറിച്ചുളള ഈ നഖചിത്രരചനയില്‍ പരാമര്‍ശിക്കേണ്ടത് ഒരാവശ്യവുമാണ്. 'മനുഷ്യാവകാശസംരക്ഷണവേദി, കേരളസഭയില്‍' എന്ന പേരില്‍ 1997-ല്‍ ഒരു പ്രസ്ഥാനം രൂപംകൊളളുകയുണ്ടായി. അതും ധാരാളം വൈദികരുടെയും അല്മായപ്രമുഖരുടെയും നേതൃത്വത്തില്‍ രൂപംകൊണ്ടതായിരുന്നു. ഫാ. ജോര്‍ജ് പുലിക്കുത്തിയില്‍ സി. എം. ഐ. ആയിരുന്നു അതിന്റെ മുഖ്യസാരഥി. അദ്ദേഹത്തിന്റെയും ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെയും കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനത്തിന്റെയും ആത്മാര്‍ഥമായ സഹകരണത്തില്‍ പാലാ ടൗണ്‍ ഹാളില്‍ 1997 ആഗസ്റ്റ് 25-ന് ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം അതിഗംഭീരമായി നടത്തി. 60-ലേറെ വൈദികരും 10-ഓളം കന്യാസ്ത്രീകളും 700-ല്‍പ്പരം വിശ്വാസികളും കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയുണ്ടായി. സെമിനാറിലും ഉദ്ഘാടനസമ്മേളനത്തിലുമായി പ്രബന്ധാവതരണവും പ്രസംഗവും നടത്തിയവരില്‍ റവ. ഡോ. സാമുവല്‍ രായന്‍, പ്രഫ. കെ. എം. ചാണ്ടി, ശ്രീ. ജോസഫ് പുലിക്കുന്നേല്‍, അഡ്വ. ഇ. എം. ജോസഫ്, പ്രഫ. റോസ് വില്യംസ്, ഫാ. ജോസ് കളീക്കല്‍, സിസ്റ്റര്‍ പട്രീഷ്യ കുരുവിനാക്കുന്നേല്‍, ഡോ. സ്‌കറിയാ സക്കറിയ, ശ്രീ. ബി. വെല്ലിങ്ടണ്‍, ഫാ. തോമസ് ജോസഫ് തേരകം എന്നിങ്ങനെ പ്രഗല്ഭമതികളുടെ ഒരു വന്‍ നിരയുണ്ടായിരുന്നു. സഭാധികാരികളുടെ ദുര്‍നടപടികള്‍ക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും വിധേയരാകുന്നവര്‍ ബന്ധപ്പെട്ടാല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഈ പരിപാടിയില്‍ പ്രഖ്യാപനമുണ്ടായി. അങ്ങനെ എല്ലാവരിലും വളരെ ആശ്വാസവും പ്രതീക്ഷയും ഉത്സാഹവും നല്‍കുന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ഈ ഉദ്ഘാടനം. ഇതു പ്രമാണിച്ച് ഓശാന ഒരു സ്‌പെഷ്യല്‍ പതിപ്പുതന്നെ പ്രസീദ്ധികരിക്കുകയുണ്ടായി.
 
എന്നാല്‍, വൈദികര്‍ മുഖ്യനേതൃത്വത്തിലുണ്ടായിരുന്ന ഈ പ്രസ്ഥാനത്തിന് സഭാധികാരികളുടെ ഭാഗത്തുനിന്ന് സാധാരണ വിശ്വാസികളുടെമേലുണ്ടായിട്ടുളള നീതിനിഷേധങ്ങള്‍ക്കും അവകാശധ്വംസനങ്ങള്‍ക്കുമെതിരേ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ സഭാധികാരികളില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം എന്നാണ് അനുമാനിക്കപ്പെടുന്നത്. അതും സഭയില്‍ ആവശ്യംതന്നെ എന്നു സമ്മതിക്കുമ്പോഴും, സഭയില്‍ വരേണ്ട അടിസ്ഥാനമാറ്റത്തിനു നേതൃത്വം കൊടുക്കാന്‍ വൈദികര്‍ക്ക് അവര്‍ നേരിടുന്ന പല പരിമിതികള്‍കൊണ്ടും സാധിക്കില്ല എന്നു കാണേണ്ടതുണ്ട്. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ വളരെയധികം പരിമിതികള്‍ക്കു നടുവിലാണല്ലോ, അവര്‍. ഇതില്‍നിന്നെല്ലാം അവരെയും വിശ്വാസിസമൂഹമാകുന്ന സഭയെത്തന്നെയും നവീകരിക്കാനും രക്ഷിക്കാനും താരതമ്യേന കൂടുതല്‍ സ്വതന്ത്രമായ വിശ്വാസിസമൂഹത്തിനും അവര്‍ രൂപംകൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ കഴിയൂ എന്നു കാണാം. വൈദികരുടെ സഹായവും സഹകരണവും ഉണ്ടാവുക എന്നത് വളരെ പ്രധാനം തന്നെ; പക്ഷേ നേതൃത്വം ഒരിക്കലും അവരുടെ കയ്യില്‍ ചെല്ലരുത്.
 
ഈ ഒരു അവബോധം പുത്തന്‍തലമുറയിലെ സഭാസംഘടനകള്‍ക്ക് പൊതുവെ കൈവന്നിട്ടുണ്ടെന്നു പറയാം. അതു മാത്രമല്ല, സഭയുടെ അടിസ്ഥാനപ്രശ്‌നം പരിഹരിക്കാന്‍ എത്ര പ്രാവശ്യം വത്തിക്കാന്‍ കൗണ്‍സില്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശം നല്കിയാലും വിശ്വാസികള്‍ എത്ര സമരങ്ങള്‍ ചെയ്താലും മെത്രാന്മാര്‍ സഹകരിക്കുകയില്ലെന്ന് അനുഭവങ്ങളില്‍നിന്ന് പുതുതലമറ സഭാസംഘടനകള്‍ക്കറിയാം. എത്ര തെളിവുകള്‍ നല്‍കിയാലും എത്ര സത്യമായും കൃത്യമായും സമര്‍ഥിച്ചാലും അതൊന്നും ചെവിക്കൊള്ളാനോ അംഗീകരിക്കാനോ അവര്‍ തയ്യാറാകുകയില്ല. അല്ലെങ്കില്‍, സഭയിലെ ഏതു പ്രശ്‌നമാണ് സ്വതന്ത്രമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകാത്തത്? സഭയിലെ കല്‍ദായവല്‍ക്കരണത്തിന്റെയും അതിലൂടെ കടന്നുവന്ന പൗരസ്ത്യകാനോന്‍ നിയമത്തിന്റെയും ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും വിശ്വാസികളും വൈദികരുമാണ്. അവയ്‌ക്കെതിരെ മുറവിളികൂട്ടിയതും സമരം ചെയ്തതും അവരാണ്. പക്ഷേ, പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയില്‍ അവരില്ല. എല്ലാ ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും മെത്രാന്മാര്‍ തമ്മിലാണ്! ഇതെന്തൊരു കാടന്‍സംവിധാനമാണ്? ഇതിലെ അശാസ്ത്രീയതയും അയുക്തികതയും മനുഷ്യത്വരാഹിത്യവും ക്രിസ്തുവിരുദ്ധതയും ആര്‍ക്കാണു മനസ്സിലാകാത്തത്? ഏതൊരു പ്രശ്‌നത്തിലും ഒത്തുതീര്‍പ്പു നടത്തേണ്ടത് അതിലുള്‍പ്പെട്ട കക്ഷികള്‍ തമ്മിലാണെന്ന് ആര്‍ക്കാണറിയാത്തത്?
 
ചര്‍ച്ചയ്ക്കുള്ള ഒരു വേദി കത്തോലിക്കസഭയിലില്ലെന്നതും മെത്രാന്മാര്‍ അതനുവദിക്കുകയില്ലെന്നതുമാണ് സഭയില്‍ തുടര്‍ന്നുപോകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും അടിവേര് എന്നു മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് പുതുതലമുറയിലെ സഭാസംഘടനകള്‍. കേരളസഭയുടെ വ്യവസ്ഥാപിതമായ ചര്‍ച്ചാവേദിയും പ്രശ്‌നപരിഹാരവേദിയും സര്‍ഗവേദിയുമെല്ലാം പള്ളിയോഗങ്ങളായിരുന്നു. കാനോന്‍ നിയമത്തിലൂടെ ഈ പള്ളിയോഗസമ്പ്രദായത്തെ നിഷ്‌ക്രിയമാക്കിയിരുന്നില്ലെങ്കില്‍ ഏതു പ്രശ്‌നവും വിശ്വാസികളുടെ കൂട്ടായ്മയായ സഭയുടെ ഈ ചര്‍ച്ചാവേദിയില്‍വച്ച് പരിഹൃതമായേനേ. അതുകൊണ്ടാണ്, ഈ പള്ളിയോഗപാരമ്പര്യം എങ്ങനെയും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തില്‍ ഈ സഭാസംഘടനകള്‍ ദൃഢചിത്തരായിരിക്കുന്നത്. സഭാധ്യക്ഷന്മാര്‍ അതു നടപ്പിലാക്കിത്തരാത്ത സാഹചര്യത്തില്‍, സഭാധികാരം മാമോന്‍സേവയില്‍നിന്നു മാറാനോ മാര്‍തോമായുടെ നിയമം പോലെയുള്ള സഭാസംവിധാനം പുനഃസ്ഥാപിക്കാനോ പോകുന്നില്ല എന്ന ഉത്തമബോധ്യത്തിലെത്തിയതിനെത്തുടര്‍ന്ന്, ധാരാളം ദുരനുഭവങ്ങളില്‍നിന്നും പാഠം പഠിച്ചുപക്വതയിലെത്തിയ മുന്‍സംഘടനകളും പുതുതായി രൂപംകൊണ്ട മറ്റു സ്വതന്ത്ര സഭാസംഘടനകളും ഭാരതപൗരന്മാര്‍ എന്ന നിലയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളെക്കൊണ്ട് പള്ളിഭരണത്തിന് ഒരു സിവില്‍ നിയമം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍.
നിവേദനങ്ങളില്‍നിന്ന് കോടതിയില്‍ കേസുകൊടുക്കുക എന്ന തീരുമാനത്തിലേക്ക് മിക്ക സംഘടനകളും മാറിയിരിക്കുന്നു. പൗരസ്ത്യ കാനോന്‍ നിയമത്തിനെതിരെ, കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം അന്നത്തെ മുഴുവന്‍ മെത്രാന്മാരെയും പ്രതിചേര്‍ത്ത് 1991 സെപ്തംബറില്‍ കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോടു ജില്ലയില്‍ കൂടരഞ്ഞി സ്വദേശിയായ ശ്രീ. എം. എല്‍. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനാണ്, സഭാധികാരത്തിനെതിരെ കേസ്സുകള്‍ നടത്തുന്നതില്‍ ഇന്ന് ഏറെ മുമ്പില്‍. പാലാ സബ്‌കോര്‍ട്ടില്‍ നസ്രാണി കത്തോലിക്കസഭയിലെ 24 മെത്രാന്മാരെ എതിര്‍കക്ഷികളാക്കി ശ്രീ. ജോസഫ് പുലിക്കുന്നേലും ഒരന്യായം നല്കിയിട്ടുണ്ട്.
 
ഭരണഘടനാപരവും നിയമപരവുമായ സംവിധാനങ്ങളിലൂടെ സഭാനവീകരണത്തിന് അനിവാര്യമായ പശ്ചാത്തലം ഒരുക്കിയശേഷമല്ലാതെ ഇന്ത്യയില്‍ സഭാനവീകരണം സാധ്യമാവില്ലതന്നെ.
പുതിയ ലക്ഷ്യം 'ചര്‍ച്ച് ആക്ട്' അഥവാ
The Kerala Christian Church Properties and
Institutions Trust Bill 2009
 
കോട്ടയം ഡി. സി. ബുക്‌സ് ഓഡിറ്റോറിയത്തില്‍ 2004 ആഗസ്റ്റ് 21-ന് നടന്ന ക്രൈസ്തവനേതാക്കളുടെ ഒരു ചര്‍ച്ചയോഗമാണ്, 'പള്ളിഭരണത്തിന് സിവില്‍നിയമം' എന്ന ആശയം ആദ്യം കൊണ്ടുവന്നത്. കേരളസഭയുടെ ചരിത്രത്തില്‍ ഒരു സുപ്രധാനവഴിത്തിരിവെന്നു ഭാവിചരിത്രം സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്തേക്കാനിടയുള്ള ഈ ചര്‍ച്ചാസമ്മേളനത്തില്‍, പിന്നീട് പത്മഭൂഷണ്‍ ബഹുമതിക്കര്‍ഹരായ ഡോ. എം. വി. പൈലി, ജസ്റ്റീസ് കെ. റ്റി. തോമസ്, മുന്‍മന്ത്രിമാരായ ശ്രീ. ബി. വെല്ലിംഗ്ടണ്‍, പ്രഫ. എന്‍. എം. ജോസഫ്, കേരള സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. എം. തോമസ് മാത്യു, ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എന്നിവരും വിവിധസംഘടനകളില്‍പ്പെട്ട 150-ഓളം പ്രവര്‍ത്തകരും പങ്കെടുത്തു. ഇന്‍ഡ്യയിലെ മറ്റു മതസമൂഹങ്ങള്‍ക്കുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസ്വത്തും സ്ഥാപനങ്ങളും ഭരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം എന്ന ആശയമുള്‍ക്കൊള്ളുന്ന പ്രബന്ധം ശ്രീ. ജോസഫ് പുലിക്കുന്നേലാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം ഇപ്രകാരമൊരു നിയമം നിര്‍മിച്ചു നല്കാനുള്ള ഭരണഘടനാബാധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്നും അദ്ദേഹം അതില്‍ സമര്‍ഥിക്കുകയുണ്ടായി. കേരളക്രൈസ്തവരുടെ തനതു പാരമ്പര്യമായ മാര്‍തോമായുടെ നിയമമനുസിച്ചുള്ള പള്ളിയോഗഭരണസമ്പ്രദായത്തിന്റെ മാതൃകയിലുളളതായിരിക്കണം ഈ നിയമമെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഗൗരവപൂര്‍വം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത്തരമൊരു നിയമം കേരളത്തിലെ ക്രൈസ്തവസമുദായത്തെ സംബന്ധിച്ച് അവശ്യം ആവശ്യമാണെന്ന് എല്ലാവരും ഐകകണ്‌ഠ്യേന അഭിപ്രായപ്പെടുകയും അതിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു.
 
ഈ ലക്ഷ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനാരംഭിച്ചതും  അതുലക്ഷ്യംവച്ചു പുതുതായി രൂപംകൊണ്ടതുമായ വിശ്വാസികളുടെ സ്വതന്ത്രപ്രസ്ഥാനങ്ങളെയാണ് 'പുതുതലമുറ സഭാസംഘടനകള്‍' എന്നു നേരത്തെ വിശേഷിപ്പിച്ചത്. മുമ്പുതന്നെ പ്രവര്‍ത്തനരംഗത്തുള്ള കത്തോലിക് ലേമെന്‍സ് അസോസിയേഷന്‍, ആള്‍ ഇന്‍ഡ്യാ കാത്തലിക് അസോസിയേഷന്‍, ക്‌നാനായകത്തോലിക്ക നവീകരണ സമിതി, കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം എന്നീ സംഘടനകളും, കോട്ടയം സമ്മേളനത്തിനുശേഷം രൂപംകൊണ്ട കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (എറണാകുളം), കേരള കാത്തലിക് ഫെഡറേഷന്‍ (തൃശൂര്‍), കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ (തൃശൂര്‍), കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (വൈപ്പിന്‍), കേരള കാത്തലിക് യൂണിറ്റി സെന്റര്‍ (എറണാകുളം), ലത്തീന്‍ സമുദായ നവോത്ഥാനവേദി (കൊച്ചി), കേരള ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് (എറണാകുളം), ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍, കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (വൈറ്റില) എന്നീ പ്രസ്ഥാനങ്ങളും ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തും സ്ഥാപനങ്ങളും ഭരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം എന്ന ലക്ഷ്യസാധ്യത്തിനായി പ്രവര്‍ത്തിച്ചുതുടങ്ങി. ഇവയുടെ ഏകോപനവേദിയായി 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും രൂപംകൊണ്ടു.
 
വത്തിക്കാന്‍ എന്ന വിദേശരാജ്യത്തിന്റെ അധിപന്‍ ക്രൈസ്തവദേവാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ ഭരിക്കുന്നതിന് ഉണ്ടാക്കിയിട്ടുള്ള കാനോന്‍നിയമം ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ബാധകമാക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിനു നിവേദനം സമര്‍പ്പിക്കുന്നതിന് കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനും കേരള കാത്തലിക് ഫെഡറേഷനും കേരളാ കാത്തലിക് ആക്ഷന്‍ കൗണ്‍സിലും മറ്റും മുന്‍കയ്യെടുത്തിരുന്നു.
 
ഇതിന്റെയെല്ലാം ഫലമായി, കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ് നിയോഗിച്ച, ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമപരിഷ്‌കരണകമ്മീഷനില്‍ ഈ വിഷയംകൂടി റഫര്‍ ചെയ്തു. അതേത്തുടര്‍ന്ന് 'The Kerala Christian Church Properties and Institutions Trust Bill 2009'എന്ന പേരില്‍, കമ്മീഷന്‍ ഒരു കരടുബില്‍ തയ്യാറാക്കി, 2009 ജനുവരി 26-ന,് കേരളഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്‍പ്രകാരമുള്ള നിയമനിര്‍മാണ നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. തന്മൂലം 'ചര്‍ച്ച് ആക്ട്' നിയമസഭയില്‍ ചര്‍ച്ച ചെയ്ത് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുകളില്‍ പരാമര്‍ശിച്ച മുഴുവന്‍ ക്രൈസ്തവസംഘടനകളും അവയുടെ ഏകോപനവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ഗവണ്‍മെന്റിനെതിരെ ഇന്ന് സമരമുഖത്താണ്. കരടുബില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കുകയോ കാര്യകാരണസഹിതം നിരാകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മെത്രാന്‍ സമിതിക്കെതിരെയും അവര്‍ സമരം നടത്തുന്നു.
 
ഒപ്പം മേല്‍പ്പറഞ്ഞ കരടുബില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെബോധവാന്മാരാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ ക്രൈസ്തവദേവാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ ഭരിക്കുന്നതിന് നിയമപരമായ ഒരു സംവിധാനം ഇന്നോളം ഉണ്ടാക്കിയിട്ടില്ലാത്തത് ഭരണഘടനാപരമായ ഒരുതരം വിവേചനമാണെന്നു ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഒരു നിയമമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്രസര്‍ക്കാരിനു ബോധ്യം വരത്തക്കവിധത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ത്തന്നെ തുടങ്ങിയിട്ടുമുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിലെ മൊത്തം ക്രൈസ്തവസമൂഹത്തിനായി നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഗോവായിലും മദ്ധ്യപ്രദേശിലും ഡല്‍ഹിയിലും മറ്റുമുള്ള സമാനപ്രസ്ഥാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റിലും ആവശ്യമുന്നയിച്ചുകഴിഞ്ഞു. ഭാരതത്തിന്റെ മുഖമുദ്രയുള്ള ഒരു കത്തോലിക്കസഭയെയാണ് ഈ സഭയിലെ പുതുതലമുറയിലെ സ്വതന്ത്ര വിശ്വാസിപ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്ന് പ്രത്യാശിക്കാം.
 
ഈ പുസ്തകത്തിലൂടെ എനിക്കു പറയാനുള്ള കുറെ കാര്യങ്ങള്‍ കേരള കത്തോലിക്കസഭാ നവീകരണപ്രസ്ഥാനത്തിനുവേണ്ടി ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ 1999 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച 'സഭയില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ പ്രസക്തി' 40, 'സഭയിലെ സംഘടനാപ്രവര്‍ത്തനം - ഒരു രൂപരേഖ' 41 എന്നീ ലേഖനങ്ങളിലും, സമീപകാലത്ത് കേരളകത്തോലിക്ക സഭാനവീകരണപ്രസ്ഥാനം പ്രസിദ്ധീകരിച്ചിട്ടുള്ള 'സഭാനവീകരണം-നിലപാടുകള്‍, നിര്‍ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍' 42 എന്ന ലഘുലേഖയിലും പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെതന്നെ 'ചര്‍ച്ച് ആക്ടും കേരളസഭയുടെ പരമ്പരാഗത പള്ളിയോഗ സമ്പ്രദായവും' 43 എന്ന ലേഖനവും വളരെ പ്രസക്തമാണ്.