Friday, February 6, 2015
വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് എന്തുകൊണ്ട് ഉപേക്ഷിക്കുന്നു?
By ചാക്കോ കളരിക്കൽ
കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965-ൽ അമേരിക്കയിൽ ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) കന്യാസ്ത്രികൾ സേവനം ചെയ്തിരുന്നു. ഇന്നത് വെറും മുപ്പതിനായിരം (30,000) മാത്രം. പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ അത് പതിനായിരമായി (10,000) കുറയുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതു കേട്ടാൽ ആർക്കാണ് നടുക്കം തോന്നാത്തത്? വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ച് പോകുന്ന വിഷയം ഗഹനമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. സഭ എന്നും മുടിചൂടി നില്ക്കുന്നു എന്ന മിഥ്യാധാരണയാണ് സഭാധികാരികൾക്ക് എന്നുമുള്ളത്. സഭയുടെ അടിസ്ഥാനം പത്രോസാകുന്ന പാറയിലാണെന്നും ആ പാറ തകരുകയില്ലെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ സഭയുടെ അധ:പതനം അവർക്ക് കാണാൻ കഴിയുന്നില്ല. അവരുടെ അധികാരകസേര ഉറപ്പിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ! ചെറിയതും പരിശുദ്ധവുമായ ഒരു സഭയിൽ അവർ സന്തുഷ്ടരാണ്.
വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതവൃത്തി ഉപേക്ഷിച്ച് പുറം ലോകത്തേക്ക് പോകുന്നതിൻറെ കാരണങ്ങളെ സംബന്ധിച്ച് സാധാരണ ജനങ്ങളുടെ ഇടയിൽ തെറ്റായ അറിവുകളും തെറ്റായ ധാരണകളുമുണ്ട്. ലൈംഗീകത ഇല്ലാതെ അവിവാഹിതരായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അവർ അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതെന്നാണ് ബഹുഭൂരിപക്ഷം സഭാപൌരരും വിശ്വസിക്കുന്നത്. പ്രബലമായ ഈ ധാരണക്ക് അടിസ്ഥാനമൊന്നുമില്ല. അവർ അവരുടെ തിരുവസ്ത്രം ഉപേക്ഷിക്കുന്നതിൻറെ ഒരു കാരണം മാത്രമാണത്. സഭാമേലധികാരികളും യാഥാസ്ഥിതികരായ സഭാപൌരരും സഭാസേവനം ഉപേക്ഷിക്കുന്ന പുരോഹിതരും കന്യാസ്ത്രികളും വഴിതെറ്റിയ മോശക്കാരാണന്നും അവരുടെ 'ദൈവവിളി'യെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും അപ്രാപ്തരാണന്നും അവർ അതിൽ പരാജയപ്പെട്ടവരാണന്നും വിലയിരുത്തുന്നു.
ഇത്തരം ധാരണകൾ തികച്ചും സത്യവിരുദ്ധമാണ്. അക്കാരണത്താൽത്തന്നെ പുരോഹിതരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ അടിസ്ഥാന കാരണങ്ങൾ എന്തെന്ന് നാം കുറെയെങ്കിലും മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
സഭാസേവനത്തോട് വിടപറയുന്ന വൈദികരും കന്യാസ്ത്രികളും ആരംഭകാലത്ത് യാഥാസ്ഥിതിക ചിന്തകരും റോമിലെ പോപ്പിന് വിധേയത്വം പ്രഖ്യാപിച്ചവരും ആയിരുന്നു. എങ്കിലും ആത്യന്തികമായി ദൈവത്തിൻറെ കൃപാവരം അവരിൽ പ്രവർത്തിക്കുകയും അവരുടെ ജീവിതത്തിൽ ഒരു വ്യക്തി എന്ന നിലയിൽ ആരോഗ്യപരമായ പരിവർത്തനങ്ങൾ സംഭവിക്കുകയും ചെയ്തു. അതിൻറെ പരിണതഫലമായി അവരുടെ അധ്യാത്മികജീവിതം അസ്വസ്ഥമാകുകയും ചിലപ്പോഴൊക്കെ ദുരിതപൂർണ്ണമാകുകയും ചെയ്യുന്നു. ആ അവസ്ഥയിൽനിന്നുള്ള വിമോചനമാണ് ബാഹ്യലോകത്തേക്കുള്ള അവരുടെ കാല് വെയ്പ്പ്.
ഇടവക സമൂഹത്തിൻറെ എല്ലാവിധ ഉന്നമനത്തിനുംവേണ്ടി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്യുന്ന നല്ല വൈദികരും ആതുരശുശ്രൂഷയിലും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച നല്ല കന്യാസ്ത്രികളും അവരുടെ തിരുവസ്ത്രങ്ങൾ ഊരിവച്ച് വരാൻ പോകുന്ന അനിശ്ചിതങ്ങളെയും യാതനകളെയും മുൻപിൽ കണ്ടുകൊണ്ടുതന്നെ സഭാശുശ്രൂഷ ഉപേക്ഷിച്ചു പോകുന്നു. അത്തരം ഒരു തീരുമാനത്തിൻറെ പിന്നിൽ സാധാരണ വിശ്വാസിക്ക് അറിയാൻ സാധിക്കാത്ത നൂറുകണക്കിന് കാരണങ്ങൾ കാണും. ഓരോ പുരോഹിതൻറെയും ഓരോ കന്യാസ്ത്രിയുടെയും ജീവിതാനുഭവങ്ങളും ജീവിതകഥകളും വിഭിന്നങ്ങളാണ്. അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ കാരണങ്ങളും വിഭിന്നങ്ങളായിരിക്കും. എങ്കിലും അവരുടെ അപ്രിയ തീരുമാനത്തിൻറെ അടിയൊഴുക്കായി ചില കാരണങ്ങൾ പൊതുവായി തെളിഞ്ഞുകാണാൻ കഴിയും.
ഒട്ടധികം പുരോഹിതരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതരീതി ഉപേക്ഷിച്ചുപോകുന്നത് സഭയുടെ പഠനങ്ങൾ, സിദ്ധാന്തങ്ങൾ, ദുരാചാരങ്ങൾ, നിയമനടപടിക്രമങ്ങൾ, മേലധികാരികളുമായുള്ള വിയോജിപ്പ് തുടങ്ങിയ കാരണങ്ങൾകൊണ്ടാണ്. പ്രായം വർദ്ധിച്ചുവരുകയും വിശ്വാസത്തിൽ വളർച്ചപ്രാപിക്കുകയും ചെയ്യുമ്പോൾ അവരുടെ ഉള്ളിൽ കാതലായ അനേകം ചോദ്യങ്ങൾ ഉയരുന്നു: ഈ സഭ മനുഷ്യനിർമ്മിതമല്ലേ? ശിശു ജ്ഞാനസ്നാനം ശരിയോ? പറഞ്ഞുകുമ്പസാരത്തിൻറെ ആവശ്യമെന്ത്? വിഗ്രഹങ്ങളെ എന്തിന് വന്ദിക്കുന്നു? ദൈവത്തിൻറെ അമ്മയായി മറിയമിനെ എന്തിന് വണങ്ങുന്നു? യേശു കന്യാഗർഭം വഴിയാണോ ജനിച്ചത്? മറിയം ആത്മശരീരങ്ങളോടെ സ്വർഗപ്രാപ്തയായോ? ശുദ്ധീകരണസ്ഥലം എന്നൊരു അവസ്ഥയുണ്ടോ? ജന്മപാപം എന്നൊരു പാപമുണ്ടോ? പത്രോസിന്റെ ഒന്നാം സ്ഥാനം മനുഷ്യസൃഷ്ടിയല്ലേ? പോപ്പിനുള്ള അപ്രമാദിത്വത്തിൻറെ അടിസ്ഥാനമെന്ത്? ദിവ്യബലിയിലെ അപ്പത്തിലും വീഞ്ഞിലും യേശുവിൻറെ യഥാർത്ഥ സാന്നിധ്യമുണ്ടോ? ഗർഭധാരണപ്രതിരോധനം, സ്ത്രീ പൌരോഹിത്യം, വൈവാഹിത പൌരോഹിത്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാട് സാധൂകരിക്കാൻ ന്യായങ്ങളെന്ത്? ഈ സിദ്ധാന്തങ്ങളൊക്കെ വെറും വിശ്വാസങ്ങളല്ലേ? ഇത്തരം വിശ്വാസങ്ങൾ വേദപുസ്തകത്തിനു വിരുദ്ധമല്ലേ? ബാലികാബാലന്മാരെ ലൈംഗികമായി ദുരുപയോഗിച്ച വൈദികരും മെത്രാന്മാരും ശിക്ഷാർഹരായ കുറ്റക്കാരല്ലേ? ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ പഠിക്കുകയും മനനം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾതന്നെ അവർക്ക് സത്യവും നീതിയും സ്നേഹവും നിറഞ്ഞ ഒരു സമൂഹമായി കത്തോലിക്കാസഭയെ കാണാൻ കഴിയാതെയും വരുന്നു. സഭ ഒരു വലിയ സംഘടനയായി കാണപ്പെടുന്നു. ആ സംഘടനയിൽ സാധാരണ വ്യക്തികൾക്ക് സ്ഥാനമില്ല. അവരെ ഒറ്റപ്പെടുത്തുന്നു. ആ സംഘടന അവിവാഹിതരായ വൃദ്ധപുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്നു. അവർ വൈദികരുടെയും കന്യാസ്ത്രികളുടെയും വ്യക്തിഗത ആവശ്യങ്ങളെ നിർവികാര്യതയോടെ കാണുന്നവരാണ്. അവർക്ക് അവരുടെ പ്രാമാണികത്വവും അധികാരവും പ്രയോഗിക്കുന്നതിലും സുഖലോലുപജീവിതത്തിലുമാണ് ജാഗ്രത. സഭയുടെ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകാത്ത സഭാകൂട്ടായ്മകളെയും ദൈവശാസ്ത്രജ്ഞരെയും സാധാരണ വിശ്വാസികളെയും ശപിച്ചു പുറം തള്ളുന്നു (anathema/excommunication). തന്നെ ക്രൂശിച്ചവരോട് നിരുപാധികം ക്ഷമിച്ച യേശുവിൻറെ മാതൃക എവിടെ? സഭാധികാരികൽക്ക് എങ്ങനെ ഒരേസമയം അനുഗ്രഹിക്കാനും ശപിച്ചുതള്ളാനും കഴിയും? ഈ സഭയുടെ വക്താക്കളായി തുടരാൻ ധാരാളം വൈദികരും കന്യാസ്ത്രികളും വിസമ്മതിക്കുന്നു. സഭാസേവനം ഉപേക്ഷിച്ചുപോകാൻ അത് കാരണമാകുകയും ചെയ്യുന്നു.
ബഹുഭൂരിപക്ഷം സഭാധികാരികളും വിശ്വാസികളും സഭാപഠനങ്ങളെ കാര്യമായി ഗൗനിക്കാതെ വ്യത്യസ്തമായ ഒരു ജീവിതമാണ് നയിക്കുന്നതെന്ന് ഇറങ്ങിപ്പോകുന്ന വൈദികർക്കും കന്യാസ്ത്രികൾക്കും നന്നായറിയാം. എല്ലാ ഞായറാഴ്ചയും ദിവ്യബലി അർപ്പിക്കുന്നതും ദിവ്യബലിയിൽ സംബന്ധിക്കുന്നതും തൻറെ നിത്യരക്ഷയുമായി യാതൊരു ബന്ധവുമില്ലന്ന് അവർ തിരിച്ചറിയുന്നു. സഭ ക്രിസ്തുവിൻറെ മണവാട്ടിയല്ലെന്ന് അനുഭവസിദ്ധമാക്കിയവരാണവർ. അവരുടെ നിത്യരക്ഷയ്ക്ക് മറ്റ് മാർഗങ്ങളുണ്ടെന്നും അവർ മനസിലാക്കുന്നു. ദൈവാനുഭവവും വിശ്വാസവും ആധ്യാത്മികതയുമെല്ലാം വ്യക്തിപരമാണന്നവർക്കറിയാം. വിശ്വാസത്തെ ആരിലും ആർക്കും അടിച്ചേൽപ്പിക്കാൻ സാധിക്കയില്ല. അകൃത്രിമമായ ഒരു ജീവിതത്തിനുവേണ്ടി സ്വന്തം ബോദ്ധ്യങ്ങൾക്കനുസൃതമായിട്ടാണ് ചില വൈദികരും കന്യാസ്ത്രികളും ഇരുപതും മുപ്പതും വർഷങ്ങൾക്കുശേഷം പുറംലോകത്തേയ്ക്ക് പോകുന്നത്.
സഭാഭരണകർത്താക്കളിലധികവും കഠിന ഹൃദയരും സിദ്ധാന്തകാവൽക്കാരുമായ പൊലീസുകാരാണ്. കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സഭയുടെ ഹയരർക്കി ഇത്തരക്കാരെകൊണ്ട് കുത്തിനിറച്ചിരിക്കയാണ്. അവരുടെ കീഴിൽ വേലചെയ്യുന്ന വൈദികരും കന്യാസ്ത്രികളും അവരുമായി നിരന്തരം യുദ്ധത്തിലുമാണ്. സഭയിൽത്തന്നെ മറ്റ് പോംവഴികൾ കാണാൻ സാധിക്കാതെ അളമുട്ടി നില്ക്കുന്നവർ അല്മായ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു. ഇവരെയെല്ലാം പതിനാറോ പതിനെട്ടോ വയസ്സിൽ സെമിനാരികളിലോ മഠങ്ങളിലോ ചേർത്തതാണ്. അപക്വമായ വയസ്സിൽ പുരോഹിത/സന്യസ്ത ജീവിതം തെരഞ്ഞെടുത്ത ഇവരിൽ നല്ലൊരു വിഭാഗം കാര്യത്തിൻറെ ഗൌരവം പൂർണ്ണമായി മനസ്സിലാക്കാതെ പ്രതിജ്ഞ/വ്രതം ചെയ്തവരാണ്. അവരുടെ നിഷ്കളങ്കമായ പ്രതിജ്ഞകൾ /വ്രതങ്ങൾ അർത്ഥശൂന്യങ്ങളാണ്. അത് തിരിച്ചറിയുമ്പോൾ പുറം ലോകത്തേയ്ക്ക് പോകുന്ന വഴിയെ അവരുടെ മുൻപിൽ കാണുകയൊള്ളു. "വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" (മത്താ. 22: 14); "കലപ്പയിൽ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിന് യോഗ്യനല്ല" (ലൂക്കോ. 9: 62) തുടങ്ങിയ വേദവാക്യങ്ങൾ ഉദ്ധരിച്ചു് സെമിനാരി വിദ്യാർത്ഥികളെയും കന്യാസ്ത്രി പരിശീലനം ചെയ്യുന്നവരെയും വിരട്ടി നിർത്താൻ അവരുടെ മേലധികാരികൾ ശ്രമിക്കാറുണ്ട്. ചില അർത്ഥികൾക്ക് അവരുടെ ഇത്തരം കാപട്യങ്ങൾ താങ്ങാനാവുന്നതല്ല. അവർ ധൈര്യപൂർവം സഭാസേവനം ഉപേക്ഷിച്ചുപോകുന്നു.
പുരോഹിതരുടെയും കന്യാസ്ത്രികളുടെയും വ്യക്തിജീവിതത്തിൽ സഭ എന്തുമാത്രം അതിക്രമിച്ചുകയറുന്നുണ്ടെന്ന് അനുഭവസിദ്ധമാകുബോഴാണ് അവർ നിരാശരാകുന്നത്; അവരുടെ ജീവിതസ്ഥിതിയോട് വെറുപ്പ് തോന്നിത്തുടങ്ങുന്നത്. ദൈവദത്തമായ സ്വാതന്ത്ര്യത്തെ കണ്ടെത്താനുള്ള തീവ്രതയിൽ അവരുടെ ജീവിതവൃത്തിയെ ഉപേക്ഷിക്കാൻ അവർ തയ്യാറാകുന്നു. വിശ്വാസത്തിൻറെ വളർച്ച സ്വാതന്ത്ര്യത്തെ കണ്ടെത്താനും പ്രേരകമാകുന്നു. അപ്പോൾ യേശുവുമായുള്ള അവരുടെ തീർത്ഥയാത്ര യഥോചിതം തുടരാനും സാധിക്കുന്നു. മദ്ധ്യകാലനൂറ്റാണ്ടിലെ സഭയും അതിൻറെ അധികാരശ്രേണിയും കല്പിച്ച പൗരൊഹിത്യ/കന്യാസ്ത്രി അവസ്ഥ വഴിമാറി മറ്റ് ജീവിതാന്തസിലേയ്ക്ക് പ്രവേശിക്കാൻ പ്രചോദനമാകുന്നു. ചില വൈദികരും കന്യാസ്ത്രികളും പീഡനങ്ങൾ സഹിച്ച് സഭയിൽ തുടരുന്നു.
പട്ടംകൊടുക്കൽ ശുശ്രൂഷ പഠിച്ചാലറിയാം പുരോഹിതർ മെത്രാൻറെ വിപുലീകരണം (എക്സ്റ്റൻഷൻ) മാത്രമാണന്ന്. മെത്രാനില്ലാതെ ഒരു പുരോഹിതന് സ്വന്തം വ്യക്തിത്വം (identity) ഇല്ല. ഓരോ പുരോഹിതാൻറെയും പൌരോഹിത്യ ആസ്തിത്വം മെത്രാനിൽ നിക്ഷിപ്തമാണ്. മെത്രന്മാരാണ് വൈദികരെ നിയന്ത്രിക്കുന്നത്. വൈദികർ അടിമകളെപ്പോലെ മെത്രാനുവേണ്ടി പണിയെടുക്കുന്നു; ഇടവകക്കാർക്കുവേണ്ടിയല്ല. അത് വ്യക്തമാകണമെങ്കിൽ മാർതോമ്മ നസ്രാണി ക്രിസ്ത്യാനികളുടെ കത്തനാരന്മാരെ പഠിച്ചാൽ മതി. അവർ ഇടവകാംഗങ്ങളാൽ തെരഞ്ഞെടുത്ത് പട്ടത്തിനുപഠിപ്പിച്ച് പട്ടമേറ്റ് ആ ഇടവക്കുവേണ്ടി സേവനം ചെയ്തിരുന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ ആ സമ്പ്രദായം മാറ്റി മെത്രാൻറെ കീഴിൽ മെത്രാനു സേവനം ചെയുന്ന വികാരിമാരെ സൃഷ്ടിച്ചു. വികാരി മെത്രാനെ വെറുപ്പിച്ചാൽ അയാൾ പള്ളിക്ക് പുറത്ത്. വടക്കനച്ചൻറെ ജീവിതകഥ ഇതിന് ഉദാഹരണമാണ്. മെത്രാൻറെ വികല ഇംഗിതത്തിനു വഴങ്ങാതെ സഭാസേവനത്തിൽനിന്നും പുറത്തുപോകുന്ന അനവധി വൈദികരുണ്ട്.
ചില വൈദികർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും പള്ളിമുറിയിലുള്ള ഏകാന്ത ജീവിതവും അരോചകമാകാം. അവരുടെ ഉടമസ്ഥൻ സഭയാണന്നുള്ള ചിന്തയും അവരെ അലട്ടാം. മെത്രാൻറെ മുൻപിൽ കമഴ്ന്നുകിടന്ന് സ്വന്തം അവകാശങ്ങൾക്ക് വിപരീതമായി അവിവാഹിതാവസ്ഥയും സമ്പൂർണ്ണ വിധേയത്വവും പ്രതിജ്ഞ എടുത്തതിലുള്ള മനക്കടിയുമെല്ലാം ഒരു പുരോഹിതനെ വൈദികവൃത്തി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചേക്കാം.
ലൈംഗികതയിൽ വേണ്ടത്ര അറിവോ അനുഭവജ്ഞാനമോ ഇല്ലാത്ത ചെറുപ്പക്കാർ ജീവിതകാലം മുഴുവൻ അവിവാഹിതരായി ജീവിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞ യുക്തിരഹിതമാണ്. വർഷങ്ങൾ കഴിയുമ്പോൾ തനിക്ക് പൂർണ്ണ അറിവില്ലാതെ ചെയ്ത പ്രതിജ്ഞയെ അവർ ചോദ്യം ചെയ്തുതുടങ്ങും. ബ്രഹ്മചര്യം വിശുദ്ധിയുടെ പാരമ്യമാണന്നുള്ള തലതിരിഞ്ഞ ചിന്താഗതിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങും. ഇടവകയിലെ കുടുംബങ്ങളും സ്ത്രീപുരുഷന്മാരുമായുള്ള ഇടപഴകലും പ്രേമത്തിൻറെ അനുഭവങ്ങൾ മനസ്സിൽ അങ്കുരിക്കാൻ തുടങ്ങും. അത് വളരുംതോറും പൌരോഹിത്യത്തെ ഉപേക്ഷിക്കാൻ അയാളുടെ മനസ്സ് മന്ത്രിക്കും. വെറും സ്വാഭാവികവും ഒരു വ്യക്തിയുടെ ജന്മാവകാശവുമായ ലൈംഗിക വിവാഹിത ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ അത് കാരണമാകുന്നു. അയാൾ ആവശ്യപ്പെട്ടാൽ അയാൾക്ക് പട്ടത്തിൽനിന്ന് മോചനം നൽകാൻ സഭാധികാരികൾ കടപ്പെട്ടവരാണ്. വിവാഹിതരായ പുരോഹിതരാണല്ലോ രഹസ്യ വെപ്പാട്ടികളെയും വച്ചുകൊണ്ടിരിക്കുന്ന പുരോഹിതരിലും ഭേദം.
കന്യാസ്ത്രികളും അവരുടെ മേലധികാരികളും തമ്മിലുള്ള സന്ധിയില്ലാസമരം പുതിയ ജീവിതത്തെ തേടിപ്പോകാൻ കാരണമാകുന്നുണ്ട്. മെത്രാൻറെയും മറ്റ് സഭാധികാരികളുടെയും ആധിപത്യം ഉറപ്പിക്കുന്ന അന്തരീക്ഷത്തിൽ അടിച്ചമർത്തലും ചൂഷണവും രോഷവും ശിക്ഷയുമെല്ലാം ഉണ്ടാകും. സാധാരണ വിശ്വാസികളോ കന്യാസ്ത്രികളുടെ മാതാപിതാക്കളോ അതറിയണമെന്നില്ല. ഉമി നീറി നീറി കരിഞ്ഞ് ചാരമാകുന്നപോലെ പല കന്യാസ്ത്രികളും മനോവ്യഥയുടെ തിളച്ച വെളിച്ചെണ്ണയിൽ കിടന്ന് പുളയുന്നവരാണ്. പുറമെ കണ്ടാൽ എല്ലാം ഭദ്രം. എങ്കിലും ഈ വേദനകളുടെയും യാതനകളുടെയും ഒടുവിൽ അവർ തങ്ങളുടെ മനസക്ഷിക്കുവഴങ്ങി മഠം വിട്ടിറങ്ങുന്നു.
ദൈവത്തിൻറെ പ്രതിനിധികളാക്കപ്പെട്ട മെത്രാന്മാരെയും സന്യാസസഭാ മേലധികാരികളെയും സന്യാസീസന്യാസിനികൾ പൂർണ്ണമായി അനുസരിക്കാൻ നൂറ്റാണ്ടുകളായി സഭ കണ്ടുപിടിച്ച വിദ്യയാണ് അനുസരണം, ബ്രഹ്മചര്യം, ദാരിദ്രം എന്ന മൂന്ന് വ്രതങ്ങൾ. കന്യാസ്ത്രികളുടെയും പുരോഹിതരുടെയും ലൈംഗികതപോലും സഭയുടെ നിയന്ത്രണത്തിലാണ്. പരിപൂർണ്ണരാകാൻ ഈ വൃതാനുഷ്ഠാനം അനിവാര്യമാണന്നാണ് സഭ പഠിപ്പിക്കുന്നത്. പക്ഷെ ധനികനായ യുവാവിനോട് യേശു പറഞ്ഞത്, "നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. ...പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്താ. 19: 21) എന്നാണ്; മൂന്ന് വ്രതങ്ങൾ എടുത്ത് ജീവിക്കാനല്ല. ചെറുപ്പക്കാർ മരണംവരെ മൂന്ന് വ്രതങ്ങൾ എടുക്കുന്നത് പരിഹാസ്യമായ അസംബന്ധമാണ്. എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാരെ സന്യാസജീവിതത്തിലേയ്ക്ക് സഭാധികാരികൾ നയിക്കുന്നത് വഞ്ചനയാണ്. മനുഷാവകാശ ലംഘനമാണ്. അവരെ മുറപ്രകാരമുള്ള വിശ്വാസ കൂട്ടായ്മയിൽനിന്നു തട്ടിയെടുത്ത് പുതിയ സമൂഹത്തിൽ ചേർക്കലാണ്. ഇവർ ആരോട് എന്തിന് വ്രതം ചെയ്യുന്നു? അടിമകളെപ്പോലെ രാപകലില്ലാതെ വേലചെയ്യുന്ന കന്യാസ്ത്രികളുടെ വേലക്ക് ഒരു വിലയുമില്ല. സഭയിലെ അധികാരവർഗത്തിന് ഭക്ഷണം പാകം ചെയ്തും അവരുടെ വസ്ത്രങ്ങൾ അലക്കിയും റബ്ബറുവെട്ടിയും കഴിയുന്നതിനാണോ അവർ മഠത്തിൽ ചേർന്നത്? ഇത് തിരിച്ചറിയുന്ന കന്യാസ്ത്രികൾ മഠംവിട്ടിറങ്ങുന്നു.
ഓരോ വ്യക്തികളുടെയും കടമ സത്യസന്ധനും തൻറെ മനസാക്ഷിയോട് നീതി പുലർത്തുന്നവനും ആയിരിക്കുക എന്നതാണ്. അപ്പോൾ പൌരോഹിത്യവൃത്തിയിലോ കന്യാസ്ത്രിജീവിതത്തിലോ തുടരുന്നത് മനസാക്ഷിപ്രകാരം ശരിയല്ലന്ന് തോന്നുന്നപക്ഷം അവരുടെ ജീവിതാസിനോട് വിടപറയുന്നത് തന്നോടുതന്നെയുള്ള നീതി പുലർത്തലാണ്.
വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോകുന്നത് എന്തുകൊണ്ടാണന്നുള്ള വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോൾത്തന്നെ അവരോടുള്ള മേലധികാരികളുടെ സമീപനമെന്ത്, അവർ അനുഭവിക്കുന്ന യാതനകൾ എന്തൊക്കെ, യേശുവിൻറെ അനുയായികൾ എന്ന നിലയ്ക്ക് നമ്മുടെ സഹോദരീസഹോദരന്മാരായ അവരെ പുന:രധിവസിപ്പിക്കാനും അവർക്ക് സഹായഹസ്തം നൽകി അവർക്കത്താണിയാകാനും നമുക്കെങ്ങനെ സാധിക്കും എന്നും മറ്റുമുള്ള നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നുവരും. നരകയാതനകൾ സഹിച്ചുകൊണ്ട് മനസാക്ഷിയുടെ വിളിയെ കേൾക്കാൻ ധൈര്യമില്ലാതെ രൂപതകളിലും സന്യാസ ആശ്രമങ്ങളിലും മഠങ്ങളിലും കഴിഞ്ഞുകൂടുന്നവർക്കുവേണ്ടി നമുക്കെന്തുചെയ്യാൻ സാധിക്കും? ഈ ചിന്തകളുടെ പരിണത ഫലമാണല്ലോ KCRM-ൻറെ കുടക്കീഴിൽ ശ്രീ റജി ഞള്ളാനിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28, 2015-ൽ കൊച്ചിയിൽവച്ചു് ഈ വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ നടക്കാൻ പോകുന്നത്. എത്രയോ നല്ല കാര്യം. ആ സമ്മേളനത്തിന് എല്ലാവിധ ആശംസകളും വിജയവും ഞാൻ നേർന്നുകൊള്ളുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment