Tuesday, February 17, 2015

ലെയ്സയ്സേഷൻ ലഭിച്ച പുരോഹിതർ



നിയമാനുസൃതം വൈദികാന്തസിൽനിന്നും അല്മായാന്തസിലെയ്ക്ക് മാറ്റം ലഭിക്കുന്ന വ്യക്തികൾക്ക് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെ സംബന്തിച്ച് സാധാരണ വിശ്വാസികൾക്ക് കാര്യമായ അറിവൊന്നുമില്ല. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങൾ സംസാരത്തിനിടെ പൊന്തിവരാറുണ്ട്. പൌരോഹിത്യ-സന്യസ്ഥ-കന്യാസ്ത്രീ ജീവിതാവസ്ഥയിൽനിന്നും അല്മയാവസ്ഥയിലേക്ക് മാറുന്നവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് വിലയിരുത്തി ഭാവിയിലേയ്ക്കുള്ള മാർഗരേഖ കണ്ടുപിടിക്കാൻ അഖിലേന്ത്യാ തലത്തിൽ ഒരു മഹാസമ്മേളനം ഫെബ്രുവരി 28, 2015-ൽ എർണാകുളം പലാരിവട്ടത്തുവെച്ച് നടക്കാൻ പോകുന്ന ഈ ശുഭ അവസരത്തിൽ മേല്പറഞ്ഞ വിഷയം ചിന്താവിഷയമാകുന്നത് അവസരോചിതമായിരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ അൻപത് വർഷത്തിനിടെ ആഗോള കത്തോലിക്കാ സഭയിൽനിന്നും ലക്ഷത്തിൽ കൂടുതൽ വൈദികർ തങ്ങൾ ഒരുകാലത്ത് തെരഞ്ഞെടുത്ത ജീവിതാന്തസിനെ വേണ്ടന്നുവെച്ച് അല്മായ ജീവിതത്തിലേയ്ക്ക് മടങ്ങിപോയിട്ടുണ്ട്. അവരിൽ ചുരുങ്ങിയ ഒരു ശതമാനം മാത്രമെ അവരുടെ രൂപാന്തരീകരണത്തെ സംബന്ധിച്ച് എഴുതുകയോ പരസ്യമായി സംസാരിക്കുകയോ ചെയ്തിട്ടുള്ളു. എല്ലാവരുംതന്നെ മൌനം പാലിക്കുകയാണ് ചെയ്യാറുള്ളത്.
പൌരോഹിത്യത്തിൽനിന്നും അല്മായാവസ്ഥയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്കായി സഭയുടെ കാനോൻ നിയമത്തിൽ അക്കമിട്ട് കൃത്യമായി ഒന്നും എഴുതിവച്ചിട്ടില്ല. എങ്കിലും കാനോനകളിൽ ചിലത് പുരോഹിതവൃത്തി ഉപേക്ഷിക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ലെയ്സയ്സേഷനുവേണ്ടി അപേക്ഷിക്കുന്ന പുരോഹിതന് റോം നല്കുന്ന പ്രമാണരേഖ റെസ്ക്രിപ്റ്റ് ഓഫ് ലെയ്സയ്സേഷൻ (rescript of laicization) എന്ന പേരിലാണ് അറിയപ്പെടുന്നത്. വത്തിക്കാനിലെ വിശ്വാസ സത്യങ്ങളുടെ സംഘമാണ് (The Congregation for the Doctrine of the Faith) ലെയ്സയ്സേഷന് അപേക്ഷിക്കുന്ന ഓരോ വൈദികനും ആ പ്രമാണരേഖ നല്കുന്നത്. അതിൽ ലെയ്സയ്സേഷനുശേഷം ഓരോ വൈദികനും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ലായെന്ന് വ്യക്തമായി കൊടുത്തിരിക്കും. ഓരോ പുരോഹിതനും പ്രത്യേകം പ്രത്യേകം പെരുമാറ്റച്ചട്ടമെന്ന് അതിൽനിന്നും നാം ധരിക്കരുത്. പ്രധാനമായി അതൊരു അപേക്ഷാഫോറംപോലുള്ള പ്രമാണരേഖയാണ്. എന്നാൽ ചിലർക്ക് ലെയ്സയ്സേഷനും സന്യസ്ഥ വ്രതങ്ങളിൽനിന്നും അവിവാഹിതായിരുന്നുകൊള്ളാം എന്ന വൈദിക പ്രതിജ്ഞയിൽനിന്നുമുള്ള ഒഴിവും (dispensation) ലളിതമായ ഒരു രേഖവഴിയും നല്കാറുണ്ട്. 1980-ൽ ജോണ്‍ പോൽ രണ്ടാമൻ പാപ്പായുടെ കാലത്താണ് പുതിയ ഫോം പ്രാബല്യത്തിൽ കൊണ്ടുവന്നത്. 1983-ൽ ലത്തീൻ കാനോൻ നിയമം പുതുക്കിയതിനാൽ ചില കാനോൻനിയമനബറുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. ആ റെസ്ക്രിപ്റ്റിലെ നാലും അഞ്ചും ഭാഗങ്ങളിലാണ് ലെയ്സയ്സേഷൻ ലഭിക്കുന്ന പുരോഹിതർക്ക് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നത് കാര്യമായി പ്രതിപാതിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അതിപ്രകാരമാണ്‌:
1. മരണാസന്നനായ ഒരു വ്യക്തി (ഉദാഹരണത്തിന് കാറപകടത്തിൽപ്പെട്ട ഒരാൾ) കത്തോലിക്കനും കുമ്പസാരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌താൽ ലെയ്സയ്സേഷൻ ലഭിച്ച പുരോഹിതൻ അടുത്തുണ്ടെങ്കിൽ അയാളുടെ കുമ്പസാരം കേട്ട് പാപപ്പൊറുതിനല്കാൻ അനുവാദമുണ്ട്.
2. യാതൊരു കൂദാശയും പരികർമം ചെയ്യാൻ പാടില്ല.
3. ദിവ്യബലിസമയത്തെ വചനപ്രസംഗം നടത്താൻ പാടില്ല.
4. വിശ്വാസികൾക്ക് കുർബാന കൊടുക്കുന്ന യുക്കരിസ്റ്റിക് മിനിസ്റ്റേസാകാൻ പാടില്ല.
5. ഒരു ഇടവകയുടെ അഡ്‌മിനിസ്ട്രേറ്ററാകാൻ പാടില്ല.
6. സെമിനാരിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാൻ പാടില്ല.
7. കത്തോലിക്കാ യൂണിവേഴ്സിറ്റികളിൽ ഡയറക്ടറൊ പ്രഫസറൊ ആകാൻ പാടില്ല.
8. ദൈവശാസ്ത്രമോ മതപരമായ വിഷയങ്ങളോ പഠിപ്പിക്കാൻ പാടില്ല.
9. ഇടവക സ്കൂളിലെ പ്രിൻസിപ്പലാകാൻ പാടില്ല.
10. മെത്രാൻറെ അനുവാദമില്ലാതെ ഇടവക സ്കൂളുകളിൽ പഠിപ്പിക്കാൻ പാടില്ല.
11. മെത്രാൻറെ പ്രത്യേക അനുവാദമില്ലാതെ സേവനം ചെയ്തിട്ടുള്ള ഇടവകയ്ക്കടുത്തോ സ്ഥലത്തോ താമസിക്കാൻ പാടില്ല. പൊതുജനത്തിന് ഉതപ്പുണ്ടാകാതിരിക്കാനാണ് ഈ വിലക്കെന്ന് കരുതപ്പെടുന്നു.

ലെയ്സയ്സേഷൻ ലഭിക്കുന്ന പുരോഹിതന് റെസ്ക്രിപ്റ്റിനെ സബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തൻറെ മെത്രാനോടോ സന്യാസസഭാ മേലധികാരിയോടോ ആലോചിച്ച് സംശയനിവാരണം ചെയ്യേണ്ടതാണ്. കൂടാതെ ചില സല്പ്രവർത്തികളും ഉപവിപ്രവർത്തികളും ചെയ്യാൻ റെസ്ക്രിപ്റ്റ് ലഭിക്കുന്ന പുരോഹിതരെ ചിലപ്പോൾ ബാദ്ധ്യതപ്പെടുത്താറുമുണ്ട്. ലെയ്സയ്സ് ചെയ്യപ്പെടുന്ന വ്യക്തിയെ സംബന്ധിച്ചുള്ള ചുരുങ്ങിയ ഒരു റിപ്പോർട്ട് വിശ്വാസ സത്യങ്ങളുടെ സംഘത്തിന് അയക്കാൻ ബന്ധപ്പെട്ട സഭാധികാരിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ലെയ്സയ്സ് ചെയ്യപ്പെട്ട/ഡിസ്പെൻസേഷൻ ലഭിച്ച/ഇവ രണ്ടും ലഭിച്ച വ്യക്തികൾ സഭ ആവശ്യപ്പെടുന്ന വിലക്കുകൾക്കനുസൃതമായാണോ ജീവിക്കുന്നതെന്നു ചോദിച്ചാൽ അതിന് ഉത്തരം പറയുക പ്രയാസമാണ്. വളരെ അധികം പുരോഹിതരും സന്യസ്ഥരും റോമിൻറെ അനുവാദത്തിന് നോക്കിയിരിക്കാതെ സഭാസേവനത്തോട് വിടപറഞ്ഞിട്ടുണ്ട്. പ്രോട്ടസ്റ്റാൻറ്റ് സഭകളിൽ ചേർന്ന് വൈദികരായി തുടരുന്നവരുമുണ്ട്.
ലെയ്സയ്സേഷൻ ലഭിച്ചാലും ഒരു പുരോഹിതൻ മരിക്കുന്നതുവരെ പുരോഹിതനായിരിക്കും. ജ്ഞാനസ്നാനം പോലെ ആത്മാവിൽ സ്ഥിരമുദ്ര പതിക്കുന്ന ഒരു കൂദാശയാണ് പട്ടം. അതിനാൽ ലെയ്സയ്സേഷൻ ലഭിച്ച ഒരു പുരോഹിതൻ ഏതെങ്കിലും ഒരു കൂദാശ പരികർമ്മം ചെയ്താൽ അത് വാസ്തവമായ കൂദാശ ആയിരിക്കും. എന്നാൽ സഭയുടെ മുൻപിൽ  നിയമവിരുദ്ധമായ ഒരു പ്രവൃത്തിയായിരിക്കും അത്. 'ഫാദെർ' എന്ന് വിളിക്കപ്പെടുകയോ പുരോഹിതവസ്ത്രം ധരിക്കുകയോ ചെയ്യാൻ പാടില്ലന്നാണ് പൊതുവെ ഉള്ള വിലക്ക്.
രണ്ടാം വത്തിക്കാൻ കൌൻസിലോടെ സഭയിൽ പുതിയ വസന്തം ആരംഭിച്ചതാണ്. എന്നാൽ ജോണ്‍ പോൽ രണ്ടാമൻറ്റെയും ബെനഡിക്റ്റ് പതിനാറാമാൻറ്റെയും വരവോടെ അത് ശരൽക്കാലമായി; സഭയുടെ ക്ഷയകാലമായി. മുപ്പതിൽപ്പരം വർഷത്തെ യാഥാസ്ഥിതിക നീരാളിപ്പിടുത്തംകൊണ്ട് സഭ നാശത്തിലേക്ക് മൂക്കുകുത്തി. ആ കാലഘട്ടത്തിൽ സഭയിൽ വിതച്ച നാശത്തിൻറെ വിത്തുകൾ കരിയണമെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. സഭയിൽനിന്നുള്ള വൈദിക/സന്യസ്ഥ/കന്യാസ്ത്രീ പുറപ്പാടിനുള്ള പ്രധാന കാരണം രണ്ടാം വത്തിക്കാൻ കൌണ്‍സിൽ രൂപഭാവന ചെയ്ത സഭാനവീകരണം നടപ്പിലാകാതെ പോയതാണ്. വൈദിക/സന്യസ്ഥ/കന്യാസ്ത്രീ വൃത്തിക്ക് അർത്ഥികളെ ഇപ്പോൾ കിട്ടാതെ പോകുന്നതിൻറെയും പ്രധാന കാരണം അതുതന്നെ.
സഭയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് കപ്പിത്താനും യാത്രക്കാരും പൊതുവായ ഒരേ താൾപര്യത്താൽ ബന്ധിതരായിട്ടല്ല മുന്നേറിയത് എന്നതാണ്. എങ്കിലും സഭാസ്നേഹികളായ സഭാപൌരാർ ഇതിനുമുൻപും കത്തോലിക്കാസഭയെ നാശത്തിൽനിന്നും കരകയറ്റിയ ചരിത്രം സഭക്കുള്ളത് നവീകരണ പ്രസ്ഥാനക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന മധുര ഓർമ്മകളാണ്.

No comments:

Post a Comment